Food

ഹോട്ടൽ ഭക്ഷണത്തെപ്പറ്റി പരാതിയുണ്ടോ, ഇതാ നേരിട്ടറിയിക്കാൻ പോര്‍ട്ടല്‍ റെഡി

   ഭക്ഷണം വൃത്തിഹീനമായി പാചകം ചെയ്യുന്നവരും വിളമ്പുന്നവരും ഇനി ശ്രദ്ധിച്ചോളൂ. പണി പാലുംവെള്ളത്തിലും കിട്ടും, പൊതുജനങ്ങള്‍ക്ക് ഭക്ഷണനിലവാരത്തെക്കുറിച്ചും വൃത്തിയും വിലയെക്കുറിച്ചുമൊക്കെയുള്ള പരാതികള്‍ നേരിട്ടറിയിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഗ്രിവന്‍സ് പോര്‍ട്ടല്‍ റെഡി.

മന്ത്രി വീണാ ജോര്‍ജ് പോര്‍ട്ടല്‍ ലോഞ്ച് ചെയ്തു. പോര്‍ട്ടലില്‍ പരാതികള്‍ നേരിട്ട് നല്‍കാനും അതിന്‍മേല്‍ എടുത്ത നടപടികള്‍ അറിയാനും സാധിക്കും, പരാതി സംബന്ധിച്ച ഫോട്ടോയും വീഡിയോയും അപ്ലോഡ് ചെയ്യാനും കഴിയും.

പരാതിപ്പെടേണ്ടത് ഇങ്ങനെ

ആദ്യമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ https://www.eatright.foodsafety.kerala.gov.in/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. റിപ്പോര്‍ട്ട് കംപ്ലൈയ്ന്റ്, മൈ കംപ്ലൈയ്ന്റ്‌സ് എന്നീ രണ്ട് ഐക്കണുകള്‍ കാണാം. ആദ്യം രജിസ്റ്റര്‍ ചെയ്യണം, രജിസ്റ്ററില്‍ ക്ലിക്ക് ചെയ്യുന്നതിനു പിന്നാലെ വരുന്ന പേജില്‍ മൊബൈല്‍ നംപര്‍ നല്‍കി ഒ.ടി.പി എടുക്കുക, തുടര്‍ന്ന് പേര്, ഒ.ടി.പി എന്നിവ നല്‍കുക. പിന്നീട് കംപ്ലൈയ്ന്റ് രജിസ്റ്റര്‍ ചെയ്യാനുള്ള പേജ് വരും. അതില്‍ ജില്ല, സര്‍ക്കിള്‍, സ്ഥാപനത്തിന്റെ പേര്, ലൊക്കേഷന്‍, ലാന്‍ഡ്മാര്‍ക്ക്, പരാതി, പരാതിയുടെ വിശദാംശങ്ങള്‍ എന്നിവ നല്‍കണം. തുടര്‍ന്ന് ഫോട്ടോയും വീഡിയോയും അപ്ലോഡ് ചെയ്യണം. ഐഡന്റിന്റി വെളിപ്പെടുത്താന്‍ ആഗ്രഹമില്ലെങ്കില്‍ നോ ഐക്കണ്‍ കൊടുക്കണം. അത് കഴിഞ്ഞ് സബ്മിറ്റ് ചെയ്യാം.

ഹോം പേജിലെ മൈ കംപ്ലൈയ്ന്റ്‌സിലൂടെ പരാതിയിന്‍മേല്‍ സ്വീകരിച്ച നടപടികളും അറിയാന്‍ കഴിയും. സംഗതി ഏറെ ഉപയോഗപ്രദമാകുമെങ്കിലും പരസ്പര മല്‍സരത്തിന്‍റെ പേരില്‍ മനപൂര്‍വമായി പരാതി ഉയര്‍ത്തിയാലോ എന്ന ചോദ്യ മുണ്ട്, അത് പ്രത്യേക അന്വേഷണം നടത്തി കണ്ടെത്തേണ്ടി വരും. എന്തായാലും ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ ഇനി നന്നായി വിയര്‍ക്കേണ്ടി വരും.

Back to top button
error: