ചീഫ് സെക്രട്ടറി വിപി ജോയി ജൂലൈയില്‍ വിരമിക്കും. പകരം ചുമതല നിലവിലെ ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി ഡോ. വി.വേണുവിന് നല്‍കാന്‍ സാധ്യത. വേണുവിനേക്കാള്‍ സീനിയോറിറ്റിയുള്ള, കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ കേരളത്തിലേക്ക് തിരിച്ചു വരാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന് തന്നെ ചുമതല നല്‍കാനുള്ള സാധ്യത കാണുന്നത്.
ധനകാര്യ സെക്രടറി രാജേഷ് കുമാര്‍ സിങ്ങിനാണ് സംസ്ഥാനത്തുള്ള ഉദ്യോഗസ്ഥരില്‍ വേണുവിനേക്കാള്‍ സീനിയോറിറ്റിയുള്ളത്. അടുത്തവര്‍ഷം നവംബര്‍ വരെ അദ്ദേഹത്തിന് സര്‍വീസുണ്ട്. വേണുവിന് ഓഗസ്റ്റ് വരെയും.
അടുത്ത വര്‍ഷം ജനുവരി വരെ സര്‍വീസുള്ള ഗ്യാനേഷ് കുമാര്‍ കേന്ദ്രസര്‍കാരില്‍ പാര്‍ലമെന്ററികാര്യ സെക്രട്ടറിയാണ്. ഭരണപരിഷ്‌ക്കരണ അഡി. ചീഫ് സെക്രടറി ആശാ തോമസ് ഈ വര്‍ഷം ഏപ്രിലില്‍ വിരമിക്കും. മൂന്നു വര്‍ഷത്തിലധികം സര്‍വീസുള്ള മനോജ് ജോഷി കേന്ദ്രത്തില്‍ അര്‍ബന്‍ അഫയേഴ്‌സ് സെക്രട്ടറിയാണ്. കേന്ദ്ര സഹകരണവകുപ്പില്‍ സെക്രട്ടറിയായ ദേവേന്ദ്രകുമാര്‍ സിങ്ങിന്റെ കാലാവധി ഈ വര്‍ഷം ജൂണില്‍ അവസാനിക്കും.
വിപി ജോയ് വിരമിച്ചാല്‍, കാബിനറ്റ് സെക്രട്ടറിയറ്റ് (കോ ഓര്‍ഡിനേഷന്‍) സെക്രട്ടറി അല്‍കേഷ് കുമാര്‍ ശര്‍മയ്ക്കും, ഇന്‍ഡ്യ ടൂറിസം സി.എം.ഡി കമല വര്‍ധന റാവുവിനും രണ്ടു മാസം ചീഫ് സെക്രട്ടറി പദവി വഹിക്കാനുള്ള അവസരമുണ്ട്. വേണു ഉള്‍പ്പെടെയുള്ള ഈ മൂന്ന് ഉദ്യോഗസ്ഥരും 1990 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥരാണ്. എന്നാല്‍, ഇരുവര്‍ക്കും സംസ്ഥാനത്തേക്ക് മടങ്ങാന്‍ താല്‍പര്യമില്ലെന്നാണ് അറിയുന്നത്. 1990 ബാച്ചിലെ ശാരദ മുരളീധരന് ഇനി രണ്ടു വര്‍ഷം സര്‍വീസുണ്ട്.
2021 മാര്‍ച്ചിലാണ് സംസ്ഥാനത്തെ 47-ാമത് ചീഫ് സെക്രട്ടറിയായി വിപി ജോയ് സ്ഥാനമേറ്റത്. കേന്ദ്ര കാബിനറ്റ് സെക്രടേറിയറ്റില്‍ സുരക്ഷ, ഏകോപനം എന്നിവയുടെ ചുമതലയുള്ള സെക്രട്ടറിയായിരുന്നു.