KeralaNEWS

കൈനകരിയിലെ കാണാക്കാഴ്ചകൾ

കൈനകരി-കായലിനടിയിലെ കരി കുത്തിപ്പൊക്കി കരയാക്കി മാറ്റിയ കുട്ടനാട്ടിലെ ഭംഗിയുള്ള തുരുത്ത്.ഇന്നും വാഹനങ്ങൾ കടന്നു ചെല്ലാത്ത, യാത്രയ്ക്ക് ബോട്ട് മാത്രം ആശ്രയമുള്ള അവശേഷിക്കുന്ന സ്ഥലങ്ങളിൽ ഒന്ന്.
മനോഹരമായ കൈനകരിയുടെ ഒട്ടു മുക്കാൽ ഭാഗവും മഴക്കാലത്ത് വെള്ളത്തിൽ മുങ്ങും.ഇഷ്ടിക വച്ച് കട്ടിലുയർത്തി അതിനു മുകളിൽ കിടന്നുറങ്ങിയാലും കൈനകരിക്കാർ ആ നാടു വിട്ടു പോകില്ല.’അപ്പുറത്തെ വീട്ടിൽ പോകുവാ’ എന്നു പറഞ്ഞ് ചെറു വള്ളവുമായി തോട്ടിലേക്കിറങ്ങുന്ന ചെറുപ്പക്കാരാണ് കൈനകരിയുടെ ഊർജ്ജം. പതിനെട്ടു കൂട്ടം കറികളുള്ള സദ്യ വിളമ്പിയാലും ‘ഇച്ചിരി മീൻ ചാറ് കിട്ടിയാൽ ചോറുണ്ണാരുന്നു’ എന്ന നിലപാടിൽ വെള്ളം ചേർക്കാത്തവർ!

കുർബാനയും പള്ളിപ്പെരുന്നാളും കല്യാണങ്ങളുമാണ് കൈനകരിയുടെ ‘ദേശീയോത്സവ’ങ്ങൾ.നെഹ്റു ട്രോഫി വള്ളം കളിയെ ഒളിംപിക്സിനെക്കാൾ വലുപ്പത്തിൽ ഹൃദയത്തിലേറ്റുന്ന കൈനകരിയുടെ ചുണക്കുട്ടികൾക്ക് തുഴപ്പാടിന്റെ ആവേശം ജന്മനാ കിട്ടിയതാണ്.

 

ചായ കുടിക്കാൻ ഒരു കട. പലചരക്കു വിൽക്കുന്ന ഒരു സ്ഥാപനം. പടമെടുക്കാൻ ഒരു ഫോട്ടോഗ്രാഫർ.ആശാരിപ്പണിക്ക് ഒരു കുടുംബം.അങ്ങനെ ആ നാടിന്റെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ആളുകൾ മാത്രം. ‘ആകെ മൊത്തം ടോട്ടൽ’ കൂട്ടിപ്പറഞ്ഞാൽ ഗ്രാമ തനിമ വിട്ടു മാറാത്ത കേരളത്തിലെ അവശേഷിക്കുന്ന ഗ്രാമങ്ങളിൽ ഒന്ന്.

 

വാഹനങ്ങളുടെ പുകയില്ലാതെ, ഹോണടി ശബ്ദമില്ലാതെ, സ്വസ്ഥമായ ഇരിക്കുന്നതിന് കൈനകരി പോലെ വേറൊരു കര കേരളത്തിലില്ല.നല്ല ശുദ്ധമായ കള്ള് കുടിക്കുന്നതിനും.’പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’ എന്ന സിനിമയിൽ കുട്ടനാട്ടിലെ ഈ തുരുത്തിന്റെ മുഴുവൻ ഭംഗിയും ലാൽജോസ് പ്രേക്ഷകർക്കു മുന്നിലെത്തിച്ചു.വാസന്തിയും ലക്ഷ്മിയും, ആമേൻ തുടങ്ങി വേറെയും സിനിമകൾ കൈനകരിയിൽ ഷൂട്ട് ചെയ്തിട്ടുണ്ട്.ഒരു തുരുത്തും അതിനു ചുറ്റുമുള്ള കുറേ കൈത്തോടുകളും ചേർത്താൽ കൈനകരിയുടെ ഔട് ലൈൻ വരയ്ക്കാം.ഈ ചെറുതോടുകളുടെയും തെങ്ങിൻതോപ്പുകളുടെയും  കമനീയ ഭംഗി അതേപടി പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന സിനിമയിൽ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.

 

വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ ജനിച്ചതു കൈനകരിയിലാണ്.ചാവറ ബോട്ടു ജെട്ടിയുടെ അടുത്താണ് വിശുദ്ധന്റെ ജന്മഗൃഹം. 225 വർഷം പഴക്കമുള്ള മനോഹരമായ വീട് ഇപ്പോൾ തീർഥാടന കേന്ദ്രമാണ്. തടിയിൽ നിർമിച്ച ചുമരുകളും മനോഹരമായ മേൽക്കൂരയും അക്കാലത്തെ സാധാരണക്കാരുടെ ജീവിതം വ്യക്തമാക്കുന്നു. വീടിന് മാറ്റമൊന്നും വരുത്താതെ തൊട്ടടുത്ത് ഒരു ആരാധനാലയം നിർമിച്ചിട്ടുണ്ട്.

 

കുട്ടനാടിന്റെ കിഴക്കു ഭാഗത്താണ് കൈനകരി. പമ്പയാറിന്റെ ജലസമൃദ്ധിയാണ് കൈനകരിയെ ചെറു ദ്വീപാക്കി മാറ്റിയത്.ആറ്റിൻകരയിൽ നാലഞ്ചു ബോട്ട് ജെട്ടികളുണ്ട്. ആളു തികയുമ്പോൾ അക്കരയ്ക്കും ഇക്കരയ്ക്കും സർവീസ് നടത്തുന്ന ബോട്ടിൽ കയറി കൈനകരിയിലേക്കുള്ള യാത്ര ജീവിതത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായും ആസ്വദിക്കണം.

 

 

എന്നുകരുതി ഇവിടെ പാലമില്ലെന്നല്ല കേട്ടോ. കൈനകരിയിൽ പമ്പയാറിനു കുറുകെയൊരു പാലമുണ്ട്. നോക്കുകുത്തിയായി മാറിയ  മുണ്ടയ്ക്കൽ പാലം! പാലം കാണാൻ നല്ല ചന്തമുണ്ട്.ചന്തം മാത്രമേയുള്ളു.36 കോടി മുടക്കി നിർമിച്ച പാലം കൊണ്ട് ഒരു പ്രയോജനവും നാട്ടുകാർക്കില്ല. പമ്പയാറിൻ്റെ ഇരുകരകളെയും ബന്ധിപ്പിച്ച് പാലം പണി തീർന്നിട്ട് എട്ടു വർഷമായി.പാലത്തിൻ്റെ കിഴക്കുഭാഗത്ത് സമീപന പാതയ്ക്ക് സ്ഥലമെടുക്കാതെയാണ് പാലം നിർമിച്ചത്.പാലത്തിൻ്റെ വശത്തുള്ള വീടിൻ്റെ മുന്നിലൂടെ ചില ഇരുചക്ര വാഹനങ്ങൾ പാലത്തിലേക്ക് കയറ്റാനാകും.പാലം കൊണ്ട് പക്ഷെ പ്രയോജനമില്ലെന്നും പറയരുത്.വെള്ളപ്പൊക്കക്കാലത്ത് നാട്ടുകാർക്ക് കന്നുകാലികളെ കെട്ടാനും വാഹനം പാർക്ക് ചെയ്യാനും പറ്റുന്നുണ്ട്!

Back to top button
error: