തിരുവനന്തപുരം: സഹകരണ സംഘത്തിന്റെ പേരില്‍ തട്ടിപ്പിനിരയായ യുവാവ് ആത്മഹത്യ ചെയ്തു. പോത്തന്‍കോട് വാവറയമ്പലം മംഗലത്ത്നട രഞ്ജിത്ത് ഭവനില്‍ രജിത് (38) ആണ് ആത്മഹത്യ ചെയ്തത്. വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ആറ്റിങ്ങല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള ട്രെഡിഷണല്‍ ഫുഡ് പ്രോസസിങ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ജോലി ലഭിക്കാനായി ചിറയിന്‍കീഴ് സ്വദേശി സജിത്തിനാണ് ഇയാള്‍ പണം നല്‍കിയത്. സംഘത്തിന്റെ പ്രസിഡന്റാണെന്ന് പറഞ്ഞ് നിരവധി പേരില്‍നിന്ന് പണം തട്ടിയതിന് സജിത്തിനെതിരെ ആറ്റിങ്ങല്‍ ചിറയിന്‍കീഴ് മംഗലപുരം സ്റ്റേഷനുകളില്‍ കേസുകളുണ്ട്. ഒരു തവണ ചിറയിന്‍കീഴ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. നിരവധി പേരില്‍നിന്ന് ജോലി വാഗ്ദാനം ചെയ്തും സ്ഥിര നിക്ഷേപമായും സജിത് ലക്ഷങ്ങള്‍ വാങ്ങിയിരുന്നു.
അഭിഭാഷകനും മാധ്യമപ്രവര്‍ത്തകനുമാണെന്ന് പരിചയപ്പെടുത്തിയാണ് സജിത് ആളുകളെ വലയിലാക്കിയിരുന്നത്. ഇയാള്‍ക്കെതിരെ ആറ്റിങ്ങല്‍ ബാര്‍ അസോസിയേഷന് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. തട്ടിപ്പ് കേസുകള്‍ നിലവില്‍ അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്.
രജിത്, സജിതിന് എട്ടുലക്ഷം രൂപ നല്‍കിയിരുന്നു. രജിതിനും ഭാര്യയ്ക്കുമായി ജോലിക്കായിട്ടാണ് പണം നല്‍കിയിരുന്നത്. പണം തിരികെ പലവട്ടം ആവശ്യപ്പെട്ടിട്ടും സജിത് മടക്കി നല്‍കിയില്ല. പോത്തന്‍കോട് പരിധിയില്‍ പതിനഞ്ചോളം പേരില്‍നിന്നായി അന്‍പത് ലക്ഷത്തോളം രൂപ തട്ടിയതായി നാട്ടുകാര്‍ പറയുന്നു.
വീട്ടില്‍ ആരുമില്ലാതിരുന്ന നേരത്താണ് സജിത് ആത്മഹത്യ ചെയ്തത്. തൊഴിലുറപ്പിന് പോയിരുന്ന അമ്മ മടങ്ങിവന്ന് വിളിച്ചിട്ടും മുറി തുറക്കാത്തതിനാല്‍ അയല്‍വാസികളെ അറിയിക്കുകയായിരുന്നു. ആത്മഹത്യാ കുറിപ്പും കണ്ടെത്തി. പോത്തന്‍കോട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മെഡി.കോളേജ് ആശുപത്രിയിലേക്ക് മാറ്റി.