കോട്ടയം:മാലിന്യ നിർമാർജന പദ്ധതികളുടെ ഭാഗമായി ബയോമൈനിങ്ങിന്
കൊച്ചി കോർപറേഷൻ കോൺട്രാക്ട് നൽകിയ കാര്യത്തിൽ മുൻ മേയർ ടോണി ചമ്മിണി സത്യവിരുദ്ധവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിച്ചു എന്നാരോപിച്ച് സിപിഐഎമ്മിന്റെ മുതിർന്ന നേതാവ് വൈക്കം വിശ്വൻ വക്കീൽ നോട്ടീസ് അയച്ചു.
‘സത്യവിരുദ്ധമായ കാര്യങ്ങൾ
ടോണി ചമ്മിണി മനപ്പൂർവ്വം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്. ഇപ്രകാരമുള്ള വ്യാജ പ്രചാരണങ്ങൾ തന്റെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തുന്നതും വ്യക്തിഹത്യ ചെയ്യുന്നതുമാണെന്ന്’
അഡ്വ.വി.ജയപ്രകാശ് വഴി അയച്ച നോട്ടീസിൽ വൈക്കം വിശ്വൻ വ്യക്തമാക്കി.
കോർപറേഷൻ കോൺട്രാക്ട് നൽകിയത് യോഗ്യതയില്ലാത്ത കമ്പനിക്കാണെന്നും സിപിഐഎം മുൻ കേന്ദ്രകമ്മിറ്റി അംഗമെന്ന സ്വാധീനത്തിൽ വൈക്കം വിശ്വൻ മരുമകന് കരാർ നേടിക്കൊടുത്തുവെന്നുമായിരുന്നു ടോണി ചമ്മിണിയുടെ ആരോപണം.14 ദിവസത്തിനുള്ളിൽ ഈ പ്രസ്താവനകൾ തിരുത്തി പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് വൈക്കം വിശ്വൻ നോട്ടീസിലൂടെ അറിയിച്ചു.
2009 ൽ മികച്ച സീറോ വേസ്റ്റ് കോർപറേഷൻ എന്ന അവാർഡ് ലഭിച്ചത് കൊച്ചിക്കായിരുന്നു.അന്ന് എൽഡിഎഫ് ആണ് കോർപ്പറേഷൻ ഭരിച്ചിരുന്നത്.2023 ആയപ്പോഴേക്കും എങ്ങനെയാണ് കൊച്ചി മാലിന്യ മലയായി മാറിയത്-വൈക്കം വിശ്വൻ ചോദിച്ചു.
മാലിന്യ സംസ്കരണം പഠിക്കാൻ വേണ്ടി 22 തവണ വിദേശത്ത് ടൂർ പോയ ടോണി ചമ്മണി ഒക്കെ ഇതിന് ഉത്തരം പറയേണ്ടി വരും.കാരണം 2010 മുതൽ 2020 വരെയുള്ള 10 വർഷക്കാലം കൊച്ചി കോർപ്പറേഷൻ
ഭരിച്ചത് കോൺഗ്രസായിരുന്നു.ടോണി ചമ്മണി,സൗമിനി ജെയിൻ എന്നിവരായിരുന്നു ഇക്കാലയളവിൽ കൊച്ചിയിലെ അവരുടെ മേയർമാർ-വൈക്കം വിശ്വൻ കുറ്റപ്പെടുത്തി.