Movie

പി. ചന്ദ്രകുമാർ സംവിധാനം ചെയ്‌ത, മധുവും ശ്രീവിദ്യയും കേന്ദ്രകഥാപാത്രങ്ങളായ ‘ദന്തഗോപുരം’ തീയേറ്ററുകളിലെത്തിയിട്ട് ഇന്ന് 42 വർഷം

സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ

പി ചന്ദ്രകുമാറിന്റെ ‘ദന്തഗോപുര’ത്തിന് 42 വയസ്സ്. 1981 മാർച്ച് 20 നായിരുന്നു ഡോക്ടർ ബാലകൃഷ്ണന്റെ കഥയിൽ ജോൺപോൾ തിരക്കഥയെഴുതിയ ഈ ചിത്രം പ്രദർശനത്തിനെത്തിയത്. പി ചന്ദ്രകുമാർ സംവിധാനം ചെയ്‌ത 15 ചിത്രങ്ങളാണ് 1980-’81 വർഷങ്ങളിൽ പുറത്ത് വന്നത്. പ്രായോഗിക ജീവിതത്തിൽ നിന്നും ഉയരെ മാറി സ്വപ്‌നങ്ങളുടെ ദന്തഗോപുരങ്ങളിൽ അഭിരമിക്കുന്നവരുടെ ജീവിതം തകരാറിലാകും എന്നാണ് ‘ദന്തഗോപുരം’ പറഞ്ഞത്. ഗാനങ്ങളും സഹസംവിധാനവും സത്യൻ അന്തിക്കാട്.

എസ്റ്റേറ്റ് ജോലിക്കാരനായിരുന്നു മധു. എസ്റ്റേറ്റ് മുതലാളിയുടെ മകളെ (ശ്രീവിദ്യ) കല്യാണം കഴിച്ചതിന് ശേഷം മധു എസ്റ്റേറ്റ് മുതലാളിയായി മാറി. തൊഴിലാളിയും മുതലാളിയും എന്നും രണ്ട് ലോകങ്ങളിലായിരിക്കണം എന്നാണ് ശ്രീവിദ്യയുടെ നിലപാട്. മുതലാളിയാണെന്ന് കരുതി മനുഷ്യനല്ലാതാവുമോ എന്ന് മധു. സ്റ്റാറ്റസുകൾ തമ്മിൽ കലഹമായി. അങ്ങനെയിരിക്കെ സുഹൃത്ത് സുകുമാരൻ എസ്റ്റേറ്റിൽ വന്നു. എല്ലാമായ ദേവിയെ (സീമ) പരിചയപ്പെടുത്തിക്കൊടുത്തു. മധുവിന്റെ മനസ്സിൽ ഏതോ ഗാനം പോലെ അവൾ നിറഞ്ഞു. അയാൾ സ്വന്തം കുടുംബത്തെ മറന്നു. മധു വിവാഹിതനാണെന്നും ഒരു കുഞ്ഞിന്റെ അച്ഛനുമാണെന്നുമുള്ള സത്യമറിയാതെ സീമ മധുവിന്റെ പ്രണയത്തിൽ വീണു. കാര്യമറിഞ്ഞപ്പോൾ സീമ പിന്മാറി.

യാഥാർത്ഥ്യങ്ങൾ മനസിലാക്കിയപ്പോൾ ശ്രീവിദ്യ മധുവിനെ ആട്ടിപ്പുറത്താക്കി, അയാൾ ആത്മഹത്യക്ക് ശ്രമിച്ചു. ശരീരത്തിനും മനസ്സിനും കിട്ടിയ ഷോക്കിന് ശേഷം ദമ്പതികൾ വീണ്ടും ഒന്നാവുന്നു.

ശ്യാം സംഗീതം പകർന്ന ‘ഏതോ ഗാനം പോലെ’ (യേശുദാസിന്റെ ശോക വേർഷനും വാണിജയറാമിന്റെ ഹാപ്പി വേർഷനും) ഹിറ്റായി. ശാന്ത എന്ന ഗായിക പാടിയ ‘മോഹം പൂ ചൂടും’ എന്നൊരു ഗാനം കൂടിയുണ്ടായിരുന്നു.

Back to top button
error: