KeralaNEWS

ഗര്‍ഭിണിയായ യുവതിക്ക് കൃത്യസമയത്ത് ചികിത്സ നല്‍കിയില്ല, കുഞ്ഞിനെ നഷ്ടപ്പെട്ടു; കാസര്‍കോട് കിംസ് ആശുപത്രിക്കും ഡോക്ടര്‍ക്കും 1 ലക്ഷം രൂപ വീതം പിഴ വിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍

കാസര്‍കോട്: വേണ്ടസമയത്ത് കൃത്യമായ ചികിത്സ നല്‍കാത്തതിനെ തുടര്‍ന്ന് ആറ് മാസം ഗര്‍ഭിണിയായ യുവതിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടു എന്ന പരാതിയില്‍ ആശുപത്രിക്കും ഡോക്ടര്‍ക്കും ഒരു ലക്ഷം രൂപ വീതം പിഴ വിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. കാസര്‍കോട് കിംസ് ആശുപത്രിക്കും പ്രസവചികിത്സാ വിദഗ്ധ ഡോ. ഉഷാ മേനോനെതിരെയുമാണ് വിധി. അതേസമയം അലംഭാവമുണ്ടായിട്ടില്ലെന്നും തങ്ങളുടെ വാദം പരിഗണിക്കാതെയുള്ള വിധിക്കെതിരെ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ അപ്പീല്‍ നല്‍കിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

മൊഗ്രാലിലെ ബയോടെക്നോളജി എന്‍ജിനീയറായ എന്‍.എ നൗഫറ (36) യുടെ ഹര്‍ജിയിലാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി ചിലവായി 10000 രൂപ നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.

2013 സെപ്റ്റംബര്‍ 25ന് രാത്രി 11 മണിയോടെയാണ് നൗഫറയെ ഗര്‍ഭപാത്രത്തില്‍ നിന്നും അമ്‌നിയോടിക് ഫ്‌ലൂയിഡ് പുറത്തുവന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. ഗര്‍ഭസ്ഥ ശിശു പൂര്‍ണവളര്‍ച്ച എത്തുമ്പോള്‍ കുട്ടി പുറത്തുവരുന്ന സമയത്ത് മാത്രം പൊട്ടുന്ന ആവരണം ആറാം മാസം തന്നെ പൊട്ടിയതാണ് കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാക്കിയത്. ആശുപത്രിയില്‍ എത്തിച്ചിട്ടും ഡോക്ടര്‍ രാവിലെ വരെ പരിശോധനയ്ക്കും പരിചരണത്തിനും എത്താതിരുന്നതാണ് കുഞ്ഞ് മരിക്കാന്‍ ഇടയാക്കിയതെന്ന് ആരോപിച്ചാണ് ഇവര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.

ഡോക്ടര്‍ കൃത്യസമയത്ത് എത്തില്ലെന്ന് ബോധ്യമായതോടെ ഇവര്‍ നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് വാങ്ങി തൊട്ടടുത്ത ആശുപത്രിയിലെ പ്രസവരോഗ വിദഗ്ധയെ സമീപിച്ചു. ഇവരുടെ നിര്‍ദേശ പ്രകാരം ഉടൻ മംഗ്‌ളൂറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. അരമണിക്കൂര്‍ കൂടി കഴിഞ്ഞിരുന്നുവെങ്കില്‍ കുഞ്ഞിന്റെ ജീവനൊപ്പം അമ്മയുടെയും ജീവന്‍ അപകടത്തിലാകും എന്നായിരുന്നു മംഗ്‌ളൂറിലെ ആശുപത്രിയുടെ റിപ്പോർട്ട്. ചികിത്സാ രേഖയില്‍ കൃത്രിമം നടത്തിയെന്നും ഇവര്‍ ആരോപിച്ചിരുന്നു.

അതേസമയം, ആവശ്യമായ എല്ലാ ചികിത്സയും നല്‍കിയിരുന്നുവെന്നും ശരീരം അനക്കരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നുവെന്നും രാവിലെ എത്തിയപ്പോള്‍ ഇവര്‍ സ്‌കാനിങിന് പോയതിനാല്‍ നേരിട്ട് കാണാന്‍ കഴിഞ്ഞില്ലെന്നും ഇതിനിടയിലാണ് ഇവര്‍ ഡിസ്ചാര്‍ജ് വാങ്ങി പോയതെന്നും ഡോക്ടറും ആശുപത്രി അധികൃതരും പറയുന്നു. 2022 ഡിസംബര്‍ 15 നുണ്ടായ വിധിക്കതിരെ പിറ്റേദിവസം തന്നെ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും ബോധപൂര്‍വമായ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ആശുപത്രി ഡയറക്ടര്‍ ഡോ. പ്രസാദ് മേനോന്‍ അറിയിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: