ഡങ്കിപ്പനിക്ക് പപ്പായ ഇല ഔഷധമാണോ…? അറിയുക, സത്യവും അസത്യവും
ഡോ.വേണു തോന്നയ്ക്കൽ
പരമ്പരാഗതമായി ചില നാടുകളിൽ പപ്പായ ഇല ഇന്നും ഔഷധമായി ഉപയോഗിക്കുന്നു. അത് ഒരു ഒറ്റമൂലി വൈദ്യമായി കരുതാം. ആധുനിക ചികിത്സ സമ്പ്രദായങ്ങൾ സുലഭമായി ലഭിക്കാത്ത പ്രദേശങ്ങളിലാണ് ഇത്തരം ഒറ്റമൂലി ചികിത്സകൾ പ്രചാരം നേടുന്നത്.
മലേറിയ, മലബന്ധം, ആസ്ത്മ തുടങ്ങി അനവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് ഔഷധമായി ഉപയോഗിക്കുന്നുണ്ട്. പപ്പായ ഇല കത്തിച്ച പുകയാണ് ആസ്ത്മ രോഗികൾക്ക് നൽകി വരുന്നത്.
പപ്പായ ഇലയും ഫലവും ഗർഭം അലസിപ്പിക്കാൻ ഉപയോഗിച്ചിരുന്നു. അത് പണ്ട് എന്ന് കരുതേണ്ട. ഇന്നും പല നാടുകളിലും അത്തരം മാർഗം സ്വീകരിക്കുന്നുണ്ട്. അതിൽ അടങ്ങിയിട്ടുള്ള ചില ഹോർമോണുകളാണ് ഗർഭം അലസലിന് കാരണമാകുന്നത്. നമ്മുടെ നാട്ടിൽ ഗർഭിണികൾ പപ്പായ കഴിക്കാൻ പാടില്ല എന്ന് നിഷ്കർഷിച്ചിരുന്നു. അത് ഒരു പക്ഷേ ഇക്കാരണത്താലാവാം. വിളയാത്ത പപ്പായ ഗർഭിണികളിൽ ഗർഭതകരാറുകൾക്ക് ഇടവരുത്തുന്നതായി കരുതുന്നു. നന്നായി വിളഞ്ഞതോ പഴുത്തതോ ആയ പപ്പായ ആരോഗ്യകരം എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
പറയാൻ വന്നത് പപ്പായ ഇലയുടെ നീരും ഡെങ്കിപ്പനി ചികിത്സയും സംബന്ധിച്ചാണ്. മാരകമായ ഒരു വൈറസ് ബാധയാണ് ഡെങ്കിപ്പനി. തൻമൂലം അനവധി പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഡെങ്കിപ്പനി ബാധിച്ചവരിൽ രക്താണുക്കളുടെ വമ്പിച്ച കുറവ് വലിയ പ്രശ്നമാണ്.
രക്താണുക്കളുടെ സംഖ്യ ഏറെ കുറഞ്ഞവരിൽ രക്തം നൽകിയാൽ കൂടി അത് പെട്ടെന്ന് വർദ്ധിപ്പിക്കാൻ ആവില്ല. ഡങ്കിപ്പനി ഒരു വൈറസ് രോഗമാകയാൽ ഔഷധ ചികിത്സയും മെച്ചമല്ല. ഇതര ആരോഗ്യപ്രശ്നങ്ങളിലേക്ക് പോയി ഉണ്ടാകാവുന്ന അപകടം ഒഴിവാക്കാൻ ചികിത്സ സഹായിക്കുന്നു.
ആ വിടവിലേക്കാണ് പപ്പായയില നീര്, ഔഷധം എന്ന പ്രചാരണം ശക്തമായി കടന്നുവന്നത്. ജനം ഈ ചികിത്സ രണ്ട് കൈയും നീട്ടി സ്വീകരിച്ചു. ആരോഗ്യ മാനിയാക്കുകളായ നാം എന്ത് കിട്ടിയാലും ‘തിരിഞ്ഞും മറിഞ്ഞും’ നോക്കാതെ സ്വീകരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.
പപ്പായ ഇലയുടെ നീര് കുടിച്ച് തങ്ങളുടെ രക്താണുക്കളുടെ സംഖ്യ രണ്ടാഴ്ചകൊണ്ട് പൂർവസ്ഥിതിയിൽ എത്തി, രോഗം ഭേദമായി എന്ന് ചില അനുഭവസ്ഥർ പറയാനും തുടങ്ങി.
കാര്യങ്ങളുടെ നിജസ്ഥിതിയോ ശാസ്ത്രീയതയോ അറിയാതെ വ്യക്തികളും സോഷ്യൽ മീഡിയയും ചില പത്രങ്ങൾ വരെ ആ വാർത്ത ഏറ്റെടുത്ത് പപ്പായ നീരിനെ പ്രശസ്തമാക്കി. പപ്പായയ്ക്ക് അഭിമാനിക്കാൻ അതിൽപരമെന്തു വേണം? ഇവിടെയാണ് ‘കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയർ എടുക്കുന്നു’ എന്ന ചൊല്ല് അന്വർത്ഥമാകുന്നത്.
രോഗാണു ശാസ്ത്രവും പതോളജിയും ശരീര ഫിസിയോളജിയും ബയോ കെമിസ്ടയും ഒന്നുമറിയാതെയാണ് ചിലർ തൊണ്ട തൊടാതെ ഇത്തരം മണ്ടത്തരങ്ങൾ വിഴുങ്ങുന്നത്. ഡെങ്കിപ്പനി വന്ന ഒരാൾക്ക് പപ്പായ ഇല നീര് കുടിച്ച് രണ്ടാഴ്ചയ്ക്കകം രക്താണുക്കളുടെ എണ്ണം പൂർവസ്ഥിതിയിൽ എത്തിയെങ്കിൽ ഈ ചികിത്സ എടുക്കാതെ തന്നെ അപ്രകാരം സംഭവിക്കുമായിരുന്നു. അതെന്തുകൊണ്ട് എന്നറിയണമെങ്കിൽ രോഗശാസ്ത്രം വിശദമായി മനസ്സിലാക്കണം. അത് മറ്റൊരിക്കൽ വിശദീകരിക്കാം.
ഇവിടെ സംഭവിക്കുന്നത് മാനസികമായ സമീപനവും തൽഫലമായി ഉണ്ടായ സുഖവും ആണ്. അത് വിശദമാക്കാൻ മനശാസ്ത്രത്തിന്റെ വിവിധ തലങ്ങൾ ഇവിടെ ചർച്ച ചെയ്യേണ്ടിവരും.
മറ്റൊരു രസകരമായ സംഗതി കൂടി പറയാം. മോഡേൺ മെഡിസിനെ പഴിക്കുന്ന ഏത് അക്ഷരത്തിനും പ്രചാരണം സിദ്ധിക്കുക എന്ന കീഴടക്കം സാക്ഷരകേരളം ചുമക്കുന്നു എന്നതാണ്. അതാണ് ഇത്തരം തിരുമണ്ടത്തരങ്ങൾ വിദ്യാസമ്പന്നർ കൂടി സ്വീകരിക്കാൻ കാരണം. ഡെങ്കിപ്പനി പടർന്ന് പിടിച്ച കാലത്ത് ഇതുപോലെ അനവധി ‘ലൊട്ടു ലൊടുക്ക്’ ചികിത്സകളുമായി പലരും രംഗത്ത് വന്നു. തന്മൂലം അവരുടെ കൈവശമുള്ള പഴങ്ങളും ഫലങ്ങളും അങ്ങനെ പലതും വൻവിലക്ക് വിറ്റ് ലാഭം കൊയ്യാനായി. ബുദ്ധിജീവികളായ നാം ബലി മൃഗങ്ങളുമായി. ഇതിൽപരമെന്തു വേണം ?
തീർന്നില്ല. ഒരുപക്ഷേ ആരും ചോദിച്ചേക്കാം. പപ്പായ ഇല നീര് സസ്യജന്യ മല്ലേ. അത് കഴിച്ചാൽ എന്താണ് ദോഷം?
ഒരുവട്ടം കുടിച്ചതു കൊണ്ട് വലിയ ദോഷങ്ങൾ ഉള്ളതായി കേട്ടിട്ടില്ല. എന്നാൽ ഒരാഴ്ചയോളമോ രണ്ടാഴ്ചയോളമോ കഴിച്ചവർ പലരും കുടൽ വ്രണങ്ങൾക്ക് ചികിത്സ തേടിയിട്ടുണ്ട്. രോഗി ഡോക്ടറോട് ഇക്കാര്യം പറയാത്തിടത്തോളം കാലം ചികിത്സിക്കുന്ന ഡോക്ടർ തൻ്റെ രോഗിക്ക് ഇത്തരമൊരു ആരോഗ്യ പ്രശ്നമുണ്ടാവാൻ കാരണം ‘ഒറ്റമൂലി പപ്പായ നീര്’ എന്നറിയുകയില്ലല്ലോ. സ്വന്തം പ്രശ്നം എന്തുകൊണ്ടാണെന്ന് രോഗിക്കും അറിയില്ല. അതുതന്നെ മഹാഭാഗ്യം…!
വൃക്ക തകരാറ് തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇനിയെന്നാണാവോ ചികിത്സ തേടേണ്ടി വരിക…?
നമുക്കിടയിലുള്ള വൃക്ക തകരാറുകൾക്ക് ഒരു കാരണം ഇത്തരം അശാസ്ത്രീയമായ ഒറ്റമൂലി ചികിത്സയാണ് എന്ന് തിരിച്ചറിയുക. ചിലപ്പോൾ ചില രോഗങ്ങൾക്ക് താൽക്കാലിക ശമനം കണ്ടേക്കാം. ഭാവിയിൽ ഉണ്ടാകുന്ന വൻവിപത്ത് തൻമൂലം ആണെന്ന് രോഗിക്ക് അറിയാതെ പോകുന്നു. ഒറ്റമൂലി വിദ്യാന്മാർ പേരും പ്രശസ്തിയും ധനവും തന്മൂലം നിലനിൽപ്പും സ്വന്തമാക്കി. അല്ല നാം ലഭ്യമാക്കി കൊടുത്തു എന്നു പറയുന്നതാവും ശരി. ഇതിൽപരമെന്ത് വേണം ….?