CrimeNEWS

ബിഹാറിലെ ‘സീരിയൽ കിസ്സർ’ ഒടുവിൽ പിടിയിൽ; സിസിടിവി വീഡിയോയില്‍ കുടുങ്ങിയ പ്രതിയെ കുടുക്കിയത് യുവതിയുടെ പരാതി

സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഇപ്പോഴും നമ്മുടെ ചുറ്റുപാടുകളില്‍ തുടര്‍ക്കഥയാണ്. എത്ര ബോധവത്കരണ പരിപാടികള്‍ നടത്തിയിട്ടും, നിയമത്തിന്‍റെ സുരക്ഷിതവലയങ്ങളുണ്ടെന്ന് പറയപ്പെടുമ്പോള്‍ അതിക്രമങ്ങള്‍ അവസാനിക്കുന്നില്ല.

പലപ്പോഴും വികലമായ മാനസികാവസ്ഥയുള്ളവരില്‍ നിന്ന് തന്നെയാണ് സ്ത്രീകള്‍ അധികവും ലൈംഗികാതിക്രമങ്ങള്‍ നേരിടാറ്. ഇത്തരം കേസുകളില്‍ പ്രതികളായി വരുന്നവര്‍ക്ക് മാനസികാരോഗ്യപ്രശ്നങ്ങളുടെ ആനുകൂല്യം നല്‍കുന്നതിനെ എതിര്‍ക്കാൻ സാധിക്കുന്നതല്ല. അതേസമയം ഇരകളായ സ്ത്രീകളുടെ മാനസികാവസ്ഥയും അവര്‍ കടന്നുപോകുന്ന സംഘര്‍ഷങ്ങളും നിസാരമാക്കികളയാനും കഴിയില്ല. വളരെ ആഴത്തിലുള്ളൊരു മാറ്റമാണ് ഇക്കാര്യത്തില്‍ സമൂഹത്തില്‍ വരേണ്ടത്. എന്തായാലും അതിന് ഇനിയും കാത്തിരിക്കേണ്ടിവരുമെന്നതില്‍ സംശയമില്ല.

ഇപ്പോഴിതാ ബീഹാറില്‍ നിന്ന് പുറത്തുവന്നിരിക്കുന്നൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ കാര്യമായി ശ്രദ്ധിക്കപ്പെടുന്നത്. സ്ത്രീകളെ അവരുടെ അനുവാദമില്ലാതെ, ബലമായി കടന്നുപിടിച്ച് ഉമ്മ് വയ്ക്കുന്ന ഒരാള്‍.  ‘സീരിയല്‍ കിസ്സര്‍’ എന്നാണ് പൊലീസ് ഇയാളെ വിശേഷിപ്പിക്കുന്നത് തന്നെ. ഇയാള്‍ ഒരു യുവതിയെ ബലം പ്രയോഗിച്ച് ഉമ്മവയ്ക്കുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്.  യുവതി പരാതി കൂടി നല്‍കിയതോടെ ഇയാള്‍ പൊലീസ് പിടിയിലായിരിക്കുകയാണിപ്പോള്‍. പലയിടങ്ങളിലും ഇയാള്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാലിപ്പോഴാണ് ഇയാള്‍ പിടിയിലാകുന്നത്.

ബീഹാറിലെ ജമുവി ജില്ലയില്‍ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്ന യുവതി, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇയാളുടെ അപ്രതീക്ഷിത ആക്രമണം. പിറകിലൂടെ വന്ന് തന്‍റെ വായ പൊത്തുകയും തന്നെ ബലമായി ഉമ്മ വയ്ക്കുകയും ആയിരുന്നുവെന്ന് ഇവര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ പറയുന്നു.

ഇയാളെ താൻ മുമ്പ് കണ്ടിട്ട് പോലുമില്ലെന്നും ഒരുപക്ഷേ സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ തന്നെ കണ്ടതോടെയാകാം ആക്രമണത്തിന് മുതിര്‍ന്നതെന്നും ഇവര്‍ പറയുന്നു. ഇനി കുറെക്കൂടി സുരക്ഷ ഉറപ്പാക്കുന്നൊരു സാഹചര്യമുണ്ടാക്കി തരണമെന്ന് ആശുപത്രി അധികൃതരോട് താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

അതേസമയം വീഡിയോ വലിയ രീതിയിലാണ് ചര്‍ച്ചയാകുന്നത്. പ്രതിക്ക് മാനസികപ്രശ്നങ്ങളുണ്ട് എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. വൈകൃതം ആണ് ഇയാളെ ഈ അതിക്രമത്തിലേക്ക് നയിക്കുന്നതെന്നും, ഇതിന് കൃത്യമായ ചികിത്സ നല്‍കുകയാണ് വേണ്ടതെന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ പ്രതിക്ക് പരിഗണന നല്‍കരുതെന്നും ശിക്ഷയാണ് നല്‍കേണ്ടതെന്നും മറുവിഭാഗവും വാദിക്കുന്നു. ഏതായാലും വീഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയാണിപ്പോള്‍.

 

Back to top button
error: