KeralaNEWS

ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് റേഷൻ കട സസ്പെൻഡ് ചെയ്തതിൽ താലൂക്ക് സപ്ലൈസ് ഓഫീസർക്കെതിരെ കടയുടമ; കേടുവന്നതിനെ തുടർന്ന് മാറ്റിയ അരിയുടെ പേരിലാണ് നടപടിയെന്ന്

കുന്നത്തൂര്‍: കൊല്ലം കുന്നത്തൂരിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് റേഷൻ കട സസ്പെൻഡ് ചെയ്തതിൽ താലൂക്ക് സപ്ലൈസ് ഓഫീസർക്കെതിരെ കടയുടമ. കേടുവന്നതിനെ തുടർന്ന് മാറ്റിയ അരിയുടെ പേരിലാണ് തനിക്കെതിരെ നടപടിയെടുത്തതെന്നാണ് കടയുടമയുടെ വാദം. സിപിഐ സംഘടന നേതാവായ പ്രിയൻകുമാറിന്റെ പേരിലുള്ള റേഷൻകടയിൽ 21 കിന്റൽ അരിയുടെ ക്രമക്കേടാണ് താലൂക്ക് സപ്ലൈ ഓഫീസര്‍ കണ്ടെത്തിയത്.

കേരളാ റേഷൻ എംപ്ലോയീസ് ഫെഡറേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറി പ്രിയൻകുമാർ ലൈസൻസിയായുള്ള കുന്നത്തൂരിലെ റേഷൻ കടയിൽ വൻ ക്രമക്കേടെന്നായിരുന്നു താലൂക്ക് സപ്ലൈ ഓഫീസറുടെ കണ്ടെത്തൽ. ഇതേത്തുടര്‍ന്ന് റേഷൻകടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. താലൂക്ക് സപ്ലൈ ഓഫീസറുടെ നടപടി ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് പ്രിയൻകുമാറിന്റെ ആരോപണം. കേടുവന്ന 13 ചാക്ക് അരി ഡിഎസ്ഒയുടെ അനുമതിയോടെ കടയിൽ നിന്ന് മാറ്റിയിരുന്നു. ഇത് കണക്കിൽപെടുത്തിയിട്ടില്ലെന്നാണ് പ്രിയൻകുമാറിന്റെ വാദം.

സംഘടനാ പ്രവർത്തനത്തിൽ തന്നോട് എതിർപ്പുള്ളവരാണ് പരാതിക്കാരെന്നും പ്രിയൻകുമാർ ആരോപിക്കുന്നു. താലൂക്ക് സപ്ലൈസ് ഓഫീസർക്കെതിരെ പ്രിയൻകുമാർ ഭക്ഷ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥയെ ഭക്ഷ്യമന്ത്രി തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തി വിവരങ്ങൾ തേടി. എന്നാൽ ക്രമക്കേടുകൾ വ്യക്തമായതോടെയാണ് നടപടിയെടുത്തതെന്ന് ആവർത്തിക്കുകയാണ് താലൂക്ക് സപ്ലൈസ് ഓഫീസർ. നിരവധി പരാതികൾ റേഷൻ കടയ്ക്കെതിരെ കിട്ടിയിരുന്നു.

ആദ്യ ഘട്ടത്തിൽ 16 കിന്റലിന്റേയും രണ്ടാം ഘട്ട പരിശോധനയിൽ 5 കിന്റലിന്റെ അധിക ക്രമക്കേടുമാണ് കണ്ടെത്തിയിരുന്നത്. സിപിഐയുടെ സംഘടന ചുമതലയിലുള്ള റേഷൻ വ്യാപാരിയെ ഭക്ഷ്യമന്ത്രി ഇടപെട്ട് രക്ഷിക്കാൻ ശ്രമക്കുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.

Back to top button
error: