LocalNEWS

പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഭിന്നത രൂക്ഷം; കോൺഗ്രസ് ഭരിക്കുന്ന ചിങ്ങോലി പഞ്ചായത്തിൽ അവിശ്വാസത്തിന് നോട്ടീസ് നൽകി കോൺഗ്രസ്

ഹരിപ്പാട്: പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഭിന്നത രൂക്ഷമായതിന് പിന്നാലെ ചിങ്ങോലി പഞ്ചായത്തിൽ പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് നോട്ടീസ്. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തില്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസ് അവിശ്വാസത്തിന് നോട്ടീസ് നൽകിയിട്ടുള്ളത്. സിപിഎം- 4, സിപിഐ- 2, കോൺഗ്രസ്- 4 എന്നിങ്ങനെ പത്ത് അംഗങ്ങളാണ് അവിശ്വാസ പ്രമേയത്തിൽ ഒപ്പ് വെച്ചിരിക്കുന്നത്. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ നോട്ടീസിൻമേൽ പതിനഞ്ച് ദിവസത്തിനകം അവിശ്വാസ പ്രമേയ ചർച്ച നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ജി സജിനിക്ക് എതിരെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അനീഷ് എസ് ചേപ്പാടും വൈസ് പ്രസിഡന്റ് എസ് സുരേഷിന് എതിരെ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പത്മശ്രീ ശിവദാസനുമാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.

നേരത്തെയുണ്ടായിരുന്ന ധാരണ പ്രകാരം ജി സജിനി പ്രസിഡന്റ് സ്ഥാനം ഒഴിയാത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് അവിശ്വാസത്തിന് ശ്രമിക്കുന്നത്. ഡിസംബർ 31 ന് ജി സജിനി സ്ഥാനം ഒഴിയേണ്ടതായിരുന്നു. പാർട്ടി ജില്ലാ നേതൃത്വവും രമേശ് ചെന്നിത്തല എംഎൽഎയും പല തവണ ആവശ്യപ്പെട്ടിട്ടും സ്ഥാനം ഒഴിയാൻ സജിനി തയ്യാറായില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യ രണ്ട് വർഷം ജി സജിനിയും, തുടർന്നുള്ള മൂന്ന് വർഷം പത്മശ്രീ ശിവദാസനും, വൈസ് പ്രസിഡന്റായി ആദ്യ മൂന്ന് വർഷം എസ് സുരേഷും, രണ്ട് വർഷം അനീഷ് ചേപ്പാടും ആകണമെന്നായിരുന്നു കോണ്‍ഗ്രസിലുണ്ടായിരുന്ന ധാരണ.

Signature-ad

എന്നാല്‍ കോൺഗ്രസിലെ ശക്തമായ ഗ്രൂപ്പും അധികാര തർക്കവും മൂലം പഞ്ചായത്ത് ഭരണം ആകെ താറുമാറായ സ്ഥിതിയിലാണ്. കഴിഞ്ഞയാഴ്ച കോൺഗ്രസ് അംഗങ്ങൾ തമ്മിൽ പഞ്ചായത്ത് ഓഫീസിൽ വച്ച് അസഭ്യവർഷവും തമ്മിൽ തല്ലും നടന്നിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് കുമാറും പാർലമെന്ററി പാർട്ടി സെക്രട്ടറിയും സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ അനീഷ് എസ് ചേപ്പാടും തമ്മിലാണ് തെറിവിളിയും കയ്യേറ്റവും നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജി സജിനിയെയും ഇവരെ പിന്തുണയ്ക്കുന്ന വൈസ് പ്രസിഡന്റ് സുരേഷ് കുമാറിനെയും, ഗ്രാമപഞ്ചായത്ത് അംഗം പ്രസന്നയെയും കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും പുറത്താക്കിയിരുന്നു. ഈ വിവരമറിയിക്കുന്ന ഡിസിസി പ്രസിഡന്റിന്‍റ് കത്ത് പാർലമെന്ററി പാർട്ടി സെക്രട്ടറിയായ അനീഷ് കൈമാറാൻ ശ്രമിച്ചതോടെയാണ് വാഗ്വാദവും കയ്യേറ്റവും നടന്നത്.

Back to top button
error: