മുംബൈ: ഐഎസ്എല്‍ സെമിക്കായി മുംബൈയിലെത്തിയ ബെംഗളൂരു എഫ്സി താരങ്ങള്‍ക്കും നായകന്‍ സുനില്‍ ഛേത്രിക്കുമെതിരേ മുംബൈ സിറ്റി ആരാധകരുടെ മുദ്രാവാക്യം വിളികളും അസഭ്യവർഷവും. നോക്കൗട്ടില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഛേത്രിയുടെ വിവാദ ഗോളില്‍ ജയിച്ച് ബെംഗളൂരു സെമിയിലെത്തിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഛേത്രിക്കെതിരായ മുംബൈ സിറ്റി ആരാധകരുടെ മുദ്രാവാക്യം വിളികള്‍ ചർച്ചയാവുകയാണ്.
The Bengaluru FC team is facing real heat from Mumbai City FC fans, with slogans being shouted against Sunil Chhetri upon his arrival at the stadium@bengalurufc @MumbaiCityFC #keralablasters #Manjappada #KBFC #ISL pic.twitter.com/Swn6VROts3
— Sreenath Chandran (@sncvrsreenath) March 7, 2023
എല്ലാറ്റിനും തുടക്കമിട്ടത് ഛേത്രിയുടെ വിവാദ ഗോള്‍
ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തില്‍ നിശ്ചിത സമയത്ത് ബെംഗളൂരുവും ബ്ലാസ്റ്റേഴ്സും ഗോളടിച്ചിരുന്നില്ല. എന്നാല്‍ എക്സ്ട്രാടൈമിന്‍റെ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ബോക്സിന് പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തിടുക്കത്തില്‍ എടുക്കുകയായിരുന്നു. കിക്ക് തടുക്കാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയാറെടുക്കും മുമ്പേ ഛേത്രി വലകുലുക്കി. ഇത് ഗോളല്ല എന്ന് വാദിച്ച് റഫറി ക്രിസ്റ്റല്‍ ജോണുമായി ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തർക്കിച്ചെങ്കിലും അദേഹം തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇതില്‍ പ്രതിഷേധിച്ച് മത്സരം പൂർത്തിയാക്കാതെ മടങ്ങുകയായിരുന്നു പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും സംഘവും. ഇതാദ്യമായാണ് ഐഎസ്എല്ലില്‍ ഒരു ടീം ബഹിഷ്കരണം നടത്തി ഇറങ്ങിപ്പോയത്.
മത്സരം ബ്ലാസ്റ്റേഴ്സ് ബഹിഷ്കരിച്ചതോടെ ഛേത്രിയുടെ ഗോളില്‍ 1-0ന് ബെംഗളൂരു എഫ്സി ജയിച്ചതായി റഫറി പ്രഖ്യാപിച്ചു. ഇങ്ങനെ ഛേത്രിയും കൂട്ടരും സെമിയിലെത്തിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് ടൂർണമെന്‍റില്‍ നിന്ന് പുറത്തായി. ഛേത്രിയുടെ ഗോള്‍ അസാധുവാണ്, മത്സരം വീണ്ടും നടത്തണം, റഫറിക്കെതിരെ കടുത്ത നടപടി എടുക്കണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ബ്ലാസ്റ്റേഴ്സ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ സമീപിച്ചെങ്കിലും കെബിഎഫ്സിയുടെ പരാതികളെല്ലാം തള്ളുകയാണുണ്ടായത്. റഫറിയുടെ തീരുമാനം അന്തിമമാണ് എന്നാണ് ഫെഡറേഷന്‍റെ അച്ചടക്ക സമിതി വ്യക്തമാക്കിയത്.