റിയാദ്: സൗദി അറേബ്യയില്‍ തീവ്രവാദ ഗ്രൂപ്പില്‍ ചേര്‍ന്ന യുവാവിന്റെ വധശിക്ഷ നടപ്പാക്കി. ചൊവ്വാഴ്ച രാജ്യത്തെ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഹൈദര്‍ ബിന്‍ നാസര്‍ ബിന്‍ ജസബ് അല്‍ താഹിഫ എന്ന സൗദി പൗരന്റെ വധശിക്ഷയാണ് നടപ്പാക്കിയതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
ഒരു തീവ്രവാദ ഗ്രൂപ്പിന്റെ ഭാഗമായി മാറിയ ഇയാള്‍ ആയുധങ്ങള്‍ കൈവശം വെയ്‍ക്കുകയും രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും സുരക്ഷാ സൈനികരെ വധിക്കാന്‍ പദ്ധതിയിടുകയും മറ്റ് പ്രതിസന്ധികള്‍ രാജ്യത്ത് സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്‍തുവെന്നാണ് കണ്ടെത്തിയത്. പ്രതി ബോബുകള്‍ കൈവശം വെച്ചെന്നും അവ സുരക്ഷാ സൈനികരുടെ വാഹനങ്ങള്‍ക്ക് നേരെ എറിയാന്‍ പദ്ധതിയിട്ടിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
അറസ്റ്റിലായ ശേഷം സൗദി അറേബ്യയിലെ പ്രത്യേക ക്രിമിനല്‍ കോടതിയിലാണ് യുവാവിനെതിരായ വിചാരണ നടന്നത്. കോടതി വധശിക്ഷ വിധിച്ചതോടെ മറ്റ് നടപടികളും പിന്നാലെ പൂര്‍ത്തിയാക്കി. തുടര്‍ന്ന് ശിക്ഷ നടപ്പാക്കാന്‍ രാജകീയ ഉത്തരവും ലഭിച്ചു. ഇതോടെയാണ് ചൊവ്വാഴ്ച ആഭ്യന്തര മന്ത്രാലയം വധശിക്ഷ നടപ്പാക്കിയത്. രാജ്യത്തെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിലും നീതി ഉയര്‍ത്തിപ്പിടിക്കുന്നതിലും സൗദി ഭരണകൂടം പുലര്‍ത്തുന്ന ജാഗ്രത പൊതുജനങ്ങളെ അറിയിക്കാന്‍ വേണ്ടിയാണ് വധശിക്ഷ നടപ്പാക്കിയ വിവരം പൊതുജനങ്ങള്‍ക്കായി പുറത്തുവിടുന്നതെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയിലുണ്ട്.