ആലപ്പുഴ: കൃത്യമായി വൈദ്യുതി ബില്ല് അടച്ചിട്ടും മന്ത്രിയുടെ വീടിന്‍റെ കണക്ഷൻ കട്ട് ചെയ്ത് കെ.എസ്.ഇ.ബി അധികൃതര്‍. കൃഷി മന്ത്രി പി.പ്രസാദിന്റെ നൂറനാട് മറ്റപ്പള്ളിയിലുള്ള വീടിന്റെ വൈദ്യുതി കണക്ഷനാണ് നൂറനാട് വൈദ്യുതി ഓഫീസിലെ ജീവനക്കാർ ഈ മാസം രണ്ടിന് കട്ട് ചെയ്തത്. സംഭവം വിവാദമായതോടെ ഇന്നലെ ജീവനക്കാരെത്തി വൈദ്യുതി പുസ്ഥാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച വിച്ഛേദിച്ച വൈദ്യുതി തിങ്കളാഴ്ചയോടെ പുനഃസ്ഥാപിച്ച് ഉദ്യോഗസ്ഥർ തടിതപ്പി.
നൂറനാട് വൈദ്യുതി ഓഫീസിന്റെ പരിധിയിൽ പാലമേൽ മറ്റപ്പള്ളിയിലാണു മന്ത്രിയുടെ വീട്. 490 രൂപയുടെ ബില്ലാണു വന്നത്. 1.8368097 മന്ത്രി ഫെബ്രുവരി 24 ന് രാവിലെ 9.38 ന് ഓൺലൈനായി ബിൽ തുകയായ 490 രൂപയും അടച്ചിരുന്നു. എന്നാൽ ബിൽ അടച്ചതിനു ശേഷം മാര്‍ച്ച് രണ്ടാം തീയതിയാണ് കണക്ഷൻ കട്ട് ചെയ്തിരിക്കുന്നത്. ഫ്യൂസ് ഊരി മാറ്റാതെ വൈദ്യുതി പോസ്റ്റിൽ നിന്നും കേബിള്‍ വിച്ഛേദിച്ചാണ് കെഎസ്ഇബി ജീവനക്കാർ കണക്ഷൻ കട്ട് ചെയ്തത്.
മന്ത്രിയും കുടുംബവും തിരുവനന്തപുരത്താണ് താമസമെങ്കിലും പലപ്പോഴും നൂറനാട്ടെ കുടുംബ വീട്ടിൽ എത്താറുണ്ട്. ഇവിടെ മന്ത്രിയെ കാണാൻ പാർട്ടിക്കാരും, നാട്ടുകാരും, സന്ദർശകരുമൊക്കെ എത്താറുള്ളതുമാണ്. കഴിഞ്ഞ ഞായറാഴ്ച മന്ത്രി വീട്ടിലെത്തിയിരുന്നു. ഈ സമയമാണ് വീട്ടിൽ വൈദ്യുതി ഇല്ലെന്ന് മനസിലാക്കിയത്. എന്താണ് കരണ്ടില്ലാത്തതിന് കാരണമെന്ന് അന്വഷിക്കാൻ പാർട്ടി പഞ്ചായത്ത് അംഗമായ കെ.അജയഘോഷിനെ ചുമതലപ്പെടുത്തിയായിരുന്നു മന്ത്രി മടങ്ങിയത്
അജയഘോഷ് വൈദ്യുതി ഓഫീസിലെത്തി അന്വേഷിച്ചപ്പോഴാണ് ബിൽ അടക്കാത്തതിനാൽ വൈദ്യുതി കണക്ഷൻ കട്ട് ചെയ്തിരിക്കുന്നതായി അറിയുന്നത്. എന്നാൽ, ഫെബ്രുവരി 24-നു പണമടച്ചത് ഉദ്യോഗസ്ഥർ ശ്രദ്ധിച്ചിരുന്നില്ല. ഇക്കാര്യം അറിയിച്ചതോടെയാണ് കെഎസ്ഇബി അധികൃതര്‍ക്ക് അമിളി മനസിലായത്. ഒടുവില്‍ ഉദ്യോഗസ്ഥരെത്തി പോസ്റ്റിലേക്കുള്ള കണക്ഷന്‍ വയര്‍ പുനഃസ്ഥാപിക്കുകയായിരുന്നു.