NEWSPravasi

സ്വദേശിവത്കരണം; കുവൈത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ജോലി അവസാനിപ്പിച്ച് മടങ്ങിയത് 1,78,919 പ്രവാസികളെന്ന് കണക്കുകള്‍

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം ജോലി അവസാനിപ്പിച്ച് മടങ്ങിയത് 1,78,919 പ്രവാസികളെന്ന് കണക്കുകൾ. സ്വദേശിവത്കരണം വ്യാപകമാക്കുന്നതിന് കുവൈത്ത് ഭരണകൂടം സ്വീകരിക്കുന്ന വിവിധ നടപടികൾ ഉൾപ്പെടെ ഇതിന് കാരണമായെന്നാണ് വിലയിരുത്തൽ. ബിരുദ യോഗ്യതയില്ലാത്ത 60 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് ഇഖാമ പുതുക്കാൻ 800 ദിനാർ (രണ്ട് ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഫീസ് ഏർപ്പെടുത്തിയതും താഴ്‍ന്ന വരുമാനക്കാരായ പ്രവാസികളിലെ താമസ, തൊഴിൽ നിയമലംഘകരെ പിടികൂടാൻ ലക്ഷ്യമിട്ട് നടത്തിയ ദൈനംദിന പരിശോധനകളും പ്രവാസികൾ വലിയ തോതിൽ കുവൈത്തിൽ നിന്ന് മടങ്ങുന്നതിന് കാരണമായി.

2022ൽ ഫൈനൽ എക്സിറ്റ് നേടിയ പ്രവാസികളിൽ 17,891 പേർ അറുപത് വയസിലധികം പ്രായമുള്ള ബിരുദ യോഗ്യതയില്ലാത്തവരാണ്. ഈ വിഭാഗത്തിൽ പെടുന്ന പ്രവാസികളുടെ ഇഖാമ പുതുക്കാൻ 800 ദിനാർ ഈടാക്കി തുടങ്ങിയതാണ് തൊഴിൽ ഉപേക്ഷിച്ച് മടങ്ങാൻ ഇവരെ നിർബന്ധിതരാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് പറയുന്നു. 2021ന്റെ പകുതിയിലെ കണക്കുകൾ പ്രകാരം 60 വയസിനു മുകളിൽ പ്രായമുള്ള പ്രവാസികളുടെ എണ്ണം 1,22,536 ആയിരുന്നെങ്കിൽ 2022 പകുതിയിൽ അത് 1,04,645 ആയി കുറഞ്ഞു. ബിരുദധാരികളായ പ്രവാസികളുടെ എണ്ണം 1,55,665ൽ നിന്ന് 1,46,942 ആയി കുറഞ്ഞിട്ടുമുണ്ട്. ബിരുദാനന്തര ബിരുദ യോഗ്യതയുള്ള പ്രവാസികളുടെ എണ്ണം ഇതേ കാലയളവിൽ 7,213ൽ നിന്ന് 6,912 ആയാണ് കുറഞ്ഞത്.

രാജ്യത്ത് ആകെയുള്ള പ്രവാസികളുടെ എണ്ണം 2021ന്റെ പകുതിയിൽ 28,97,522 ആയിരുന്നെങ്കിൽ 2022ന്റെ പകുതിയോടെ അത് 27,18,803 ആയി കുറഞ്ഞു. അതായത് 1,78,919 പ്രവാസികൾ ഒരു വർഷം കൊണ്ട് കുവൈത്തിലെ പ്രവാസ ജീവിതം അവസാനിപ്പിച്ചു. അതേസമയം സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ അനുപാതം എല്ലാ ഗൾഫ് രാജ്യങ്ങളെയും അപേക്ഷിച്ച് കുവൈത്തിൽ കൂടുതലാണെന്നും കണക്കുകൾ പറയുന്നു. കുവൈത്തിലെ സർക്കാർ ജീവനക്കാരിൽ 23 ശതമാനം പേരും പ്രവാസികളാണ്.

Back to top button
error: