CrimeNEWS

കോഴിക്കോട് കവര്‍ച്ചാ സംഘത്തെ പിടികൂടിയപ്പോള്‍ പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍; പാത്രക്കച്ചവടക്കാരൻ, രണ്ട് ഭാര്യമാർ, 25കാരിയായ മകൾ… നാടിനെ നടുക്കിയ മോഷ്ടാക്കൾ…

കോഴിക്കോട്: കോഴിക്കോട് കവര്‍ച്ചാ സംഘത്തെ പിടികൂടിയപ്പോള്‍ പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സ്ത്രീകൾ ഉൾപ്പെടെയുള്ള തമിഴ് കവർച്ചാസംഘമാണ് അറസ്റ്റിലായത്. കേരളം,തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ ബസുകൾ, ആരാധനാലയങ്ങൾ, മാളുകൾ,ഷോപ്പുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് കൃത്രിമമായി തിരക്കുണ്ടാക്കി കവർച്ച നടത്തുന്നതാണ് സംഘത്തിന്‍റെ രീതിയെന്ന് പൊലീസ് പറഞ്ഞു.

ജില്ലാ പൊലീസ് മേധാവി രാജ്പാൽ മീണയുടെ കീഴിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും മെഡിക്കൽ കോളേജ് എസിപി കെ സുദർശന്‍റെ നിർദേശപ്രകാരം ഇൻസ്പെക്ടർ ബെന്നി ലാലുവിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. തമിഴ്നാട് ഡിണ്ടിഗൽ കാമാക്ഷിപുരം സ്വദേശി അയ്യപ്പൻ എന്ന വിജയകുമാർ (44), ഭാര്യമാരായ വേലപ്പെട്ടി സ്വദേശിനി ദേവി (38) വസന്ത(45), മകൾ സന്ധ്യ (25), എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും വൻ തോതിൽ കവർച്ച നടക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിൽ നടന്നിട്ടുള്ള കവർച്ചകളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി ഡിഐജി രാജ്പാൽ മീണ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിനു നിർദ്ദേശം നൽകിയിരുന്നു. ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പരാതിക്കാരെ നേരിട്ട് കണ്ട് വിവരങ്ങൾ ചോദിച്ചു കൊണ്ടിരിക്കെ കവർച്ച നടന്ന സ്ഥലങ്ങളിലെല്ലാം അന്യസംസ്ഥാന സ്ത്രീകളുടെയും പുരുഷൻമാരുടെയും സാന്നിധ്യമുണ്ടെന്ന് പൊലീസിന് വ്യക്തമായി.

സംഭവത്തിൽ ലഭിച്ച സിസിടിവി ദൃശ്യത്തിൽ മൂന്ന് സ്ത്രീകൾ ചേർന്നാണ് കവർച്ച ചെയ്യുന്നതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലും അയൽ ജില്ലകളിലും സമാനമായ രീതിയിൽ കളവ് നടക്കുന്നതായി മനസിലാക്കിയ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ കവർച്ച നടത്തിയത് ഒരേ സംഘമാണെന്ന് തിരിച്ചറിഞ്ഞു. ഇതോടെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെ ഇ ബൈജുവിന്‍റെ നേതൃത്വത്തിൽ കർണ്ണാടക, തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തു വരികയായിരുന്നു. ചൊവ്വാഴ്ച നരിക്കുനിയിൽ നിന്നും തൊണ്ടയാട് ഭാഗത്തേക്ക് ജോലിക്കായി പോവുകയായിരുന്ന സുധ എന്ന സ്ത്രീയുടെ മാല ബസിൽ വെച്ച് പൊട്ടിച്ചതാണ് പ്രതികളെ കുടുക്കിയത്. രണ്ട് സ്ത്രീകൾ ചേർന്ന് മാല പൊട്ടിച്ച് ഓടിയപ്പോള്‍ ഇവർക്ക് പിന്നാലെ പോയ സുധ രണ്ടിനെയും കൈയ്യോടെ പിടികൂടി.

നാട്ടുകാരെ വിളിച്ചുകൂട്ടി പൊലീസിലും ഏൽപ്പിച്ചു. സ്റ്റേഷനിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്തെങ്കിലും യാതൊരു വിധത്തിലും ഇവർ സഹകരിച്ചിരുന്നില്ല. കവർച്ചക്ക് മാത്രം ഉപയോഗിക്കുന്ന സാധാരണ ഫോണുകൾ ആയതിനാൽ കൂടുതല്‍ വിവരങ്ങളും ലഭിച്ചില്ല. എന്നാല്‍, പൊലീസ് കൃത്യമായ പദ്ധതികളോടെ മക്കരപ്പറമ്പ് ഭാഗത്ത് താമസിക്കുന്ന തമിഴ്നാട്ടുകാരെ കേന്ദ്രികരിച്ച് രാത്രി മുഴുവൻ നടത്തിയ തിരച്ചലിലാണ് അയ്യപ്പനേയും മറ്റൊരു ഭാര്യയായ വസന്തയെയും കണ്ടെത്താൻ സാധിച്ചത്. പ്രദേശത്ത് അന്വേഷിച്ചതിൽ നിന്ന് വർഷങ്ങളായി മക്കരപ്പറമ്പ് ഭാഗങ്ങളിൽ മാറിമാറി താമസിച്ചു വരുന്നവരാണെന്നും കോഴിക്കോടും പാലക്കാടും തുണിക്കച്ചവടവും പാത്ര കച്ചവടവുമാണ് ജോലിയെന്നും തെറ്റിദ്ധരിപ്പിച്ചുമാണ് അവിടെ താമസിച്ചിരുന്നതെന്നും വ്യക്തമായത്.

ആളുകൾക്ക് ഒരു വിധത്തിലും സംശയം തോന്നാത്ത തരത്തിൽ വേഷം ധരിക്കാൻ ഇവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പെട്ടെന്ന് വേഷംമാറാൻ കയ്യിലുള്ള ബാഗിൽ കൂടുതൽ വസ്ത്രങ്ങൾ ഇവര്‍ കരുതിയിരുന്നു. പ്രതികളിൽ നിന്ന് സ്വർണം തൂക്കുന്നതിനുള്ള മെഷീൻ, കളവ് ചെയ്ത മൊബൈൽ ഫോൺ, പണം, പഴ്സുകൾ, കട്ടിങ്ടൂൾ, എന്നിവയും പൊലീസ് കണ്ടെടുത്തിയിട്ടുണ്ട്. ചോദ്യം ചെയ്തതിൽ നിന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടത്തിയ നിരവധി കവർച്ചകളെ പറ്റി പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

അന്വേഷണ സംഘത്തിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ് ഇൻസ്പെക്ടർ ഒ മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, എ കെ അർജുൻ, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ആർ റസ്സൽ രാജ്, കോയക്കുട്ടി, ശ്രീജയൻ, സിനീഷ്, വനിത സിവിൽ പൊലീസ് ഓഫീസർമാരായ എം റംഷിദ, എൻ വീണ, സന്ധ്യ ജോർജ്ജ്, സൈബർ സെല്ലിലെ രൂപേഷ് നടുവണ്ണൂർ എന്നിവരായിരുന്നു ഉണ്ടായിരുന്നത്.

Back to top button
error: