ശ്രീകുമാരൻ തമ്പിയുടെ ആദ്യ സംവിധാന സംരംഭം, ‘ചന്ദ്രകാന്തം’ തിയേറ്ററിലെത്തിയിട്ട് ഇന്ന് 49 വർഷം
സിനിമ ഓർമ്മ
ശ്രീകുമാരൻ തമ്പിയുടെ ‘ചന്ദ്രകാന്ത’ത്തിന് 49 വയസ്സ്. 1974 മാർച്ച് ഒന്നിനാണ് പ്രേംനസീർ ഡബിൾ റോളിൽ അഭിനയിച്ച, തമ്പിയുടെ ആദ്യ സംവിധാന സംരംഭമായ ഈ ചിത്രം പ്രദർശനത്തിനെത്തിയത്. തമ്പിയും ബേബിയും ചേർന്ന് ‘രാജശില്പി’യുടെ ബാനറിൽ നിർമ്മിച്ച ചന്ദ്രകാന്ത’ത്തിൽ തമ്പി- എം.എസ് വിശ്വനാഥന്മാരുടെ പ്രസിദ്ധഗാനങ്ങളുണ്ട്. ‘ആ നിമിഷത്തിന്റെ നിർവൃതിയിൽ’, ‘രാജീവ നയനേ നീയുറങ്ങൂ’, ‘സ്വർഗ്ഗമെന്ന കാനനത്തിൽ’ തുടങ്ങിയ എവർഗ്രീൻ ഹിറ്റുകളുടെ കൂട്ടത്തിൽ എം.എസ്.വി പാടിയ ‘ഹൃദയവാഹിനീ ഒഴുകുന്നു നീ’, ‘പ്രഭാതമല്ലോ നീ’ എന്നീ ഗാനങ്ങളും പെടും.
അനുജന് അച്ഛനും അമ്മയുമായിരുന്നു ജ്യേഷ്ഠൻ. വളർന്നപ്പോൾ ഇരുവരും കവികളായി. ഒരാൾ പ്രസിദ്ധൻ. മറ്റേയാൾ അന്തർമുഖൻ. ജ്യേഷ്ഠൻ പ്രണയിക്കുന്ന മുറപ്പെണ്ണ് രജനി (ജയഭാരതി) തന്നെയാണ് അനുജന്റെയും മനസ്സിൽ എന്നിടത്താണ് കഥാഗതി മാറുന്നത്. എങ്ങിരുന്നാലും നിന്റെ മുടിപ്പൂവുകൾക്കുള്ളിൽ മഞ്ഞുതുള്ളിയായ് എന്റെ കണ്ണുനീർക്കണം കാണാം എന്നെഴുതി വച്ച് അനിയൻ നാട് വിട്ടു. ജ്യേഷ്ഠൻ മുറപ്പെണ്ണിനെ വിവാഹം കഴിച്ചു. അനുജൻ ബാംബെയ്ക്ക് പോയി അവിടെ കവിതയെഴുത്തുമായി ചിലവഴിച്ചു. ‘പ്രഭാതമല്ലോ നീ, ത്രിസന്ധ്യയല്ലോ ഞാൻ’ എന്ന അയാളുടെ കവിത വാരികയിൽ അച്ചടിച്ച് വന്നത് കണ്ട് ജ്യേഷ്ഠൻ അനുജനെ തേടി ചെല്ലുന്നു. കണ്ടുപിടിക്കാനാവാതെ തിരിച്ചു വന്ന് കടൽത്തീരത്ത് കുഴഞ്ഞ് വീണ് മരിക്കുന്നു. സ്വർഗ്ഗമെന്ന കാനനത്തിൽ അയാളിരുന്ന് പാടുന്നതായി തോന്നിയ രജനിക്കും മകൾക്കും ഒരു മാറ്റമെന്ന നിലയിൽ നഗരത്തിലെ ചെറിയച്ഛന്റെ വീട്ടിൽ താമസിക്കുന്നു. ഒരിക്കൽ പുറത്ത് വച്ച് ആകസ്മികമായി അനുജനെ കണ്ട മകൾ പിന്നാലെ ഓടി. മകൾ നഷ്ടപ്പെട്ടെന്നറിഞ്ഞ രജനി കുഴഞ്ഞ് വീണ് മരിച്ചതോടെ മകൾക്ക് ചെറിയച്ഛൻ അച്ഛനാവുന്നു.
നസീറിന്റെ ചെറുപ്പകാലം അഭിനയിച്ചത് ശ്രീകുമാരൻ തമ്പിയുടെ മകൻ അന്തരിച്ച രാജകുമാരൻ തമ്പിയാണ്.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ