IndiaNEWS

സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന് സോണിയ ഗാന്ധി, വിരമിക്കുന്നില്ലെന്ന് കോൺഗ്രസ് നേതൃത്വം

  ഭാരത് ജോഡോ യാത്രയോടെ തന്‍റെ ഇന്നിംഗ്സ് അവസാനിച്ചെന്നും സജീവ രാഷ്ട്രീയത്തിലുണ്ടാകില്ലെന്നും എന്ന റായ്പൂരിലെ  കോൺഗ്രസ് പ്ലീനറി സമ്മേളനത്തിലെ  സോണിയ ഗാന്ധിയുടെ പ്രസംഗം ഞെട്ടലോടെയാണ് ഏവരും ശ്രവിച്ചത്.

വരുന്ന ലോക് സഭ തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി മത്സരിച്ചേക്കില്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2004 ലെയും, 2009 ലെയും തെരഞ്ഞെടുപ്പ് വിജയങ്ങൾ അനുസ്മരിച്ച് പാർട്ടി അധ്യക്ഷയായിരുന്നകാലം സംതൃപ്തമായിരുന്നു എന്നും സോണിയ ഗാന്ധി പ്രസംഗത്തിൽ വ്യക്തമാക്കി.

ഇതിനിടെ സോണിയ ഗാന്ധി രാഷ്ട്രീയരംഗത്ത് നിന്ന് വിരമിക്കുന്നില്ലെന്ന് പാര്‍ട്ടി നേതാവ് അല്‍ക്ക ലാംബ അസന്നിഗ്ധമായി വെളിപ്പെടുത്തി. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് മാര്‍ഗദര്‍ശിയായി  സോണിയ ഗാന്ധി തുടരുമെന്നു റായ്പുരില്‍ നടന്ന പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കവെ അല്‍ക്ക ലാംബ പറഞ്ഞു. അല്‍ക്കയുടെ പ്രസ്താവനയോട് യോജിക്കുന്നതുപോലെ സദസില്‍ സന്നിഹിതയായിരുന്ന സോണിയ ഗാന്ധി പുഞ്ചിരിക്കുകയും ചെയ്തു.

സമ്മേളനത്തിന്റെ രണ്ടാം ദിനത്തില്‍ 15,000 ത്തോളം പ്രതിനിധികളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയാണ് താന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണ് എന്ന സൂചന സോണിയ നല്‍കിയത്. ഭാരത് ജോഡോ യാത്ര ഒരു വഴിത്തിരിവായി മാറിയതായും ഇന്ത്യയിലെ ജനങ്ങള്‍ ഐക്യവും സഹിഷ്ണുതയും സമത്വവുമാണ് ആഗ്രഹിക്കുന്നതെന്ന് ഭാരത് ജോഡോ യാത്രയിലൂടെ വ്യക്തമായതായും സോണിയ പറഞ്ഞു. ബഹുജനസമ്പര്‍ക്ക പരിപാടിയിലൂടെ കോണ്‍ഗ്രസും ജനങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും സജീവമായതായും പറഞ്ഞ സോണിയ, ഭാരത് ജോഡോ യാത്രയ്ക്ക് വേണ്ടി കഠിനാധ്വാനം നടത്തിയ എല്ലാ പ്രവര്‍ത്തകരേയും അനുമോദിക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുടെ ദൃഡനിശ്ചയവും നേതൃത്വവുമാണ് ഭാരത് ജോഡോ യാത്രയുടെ വിജയത്തില്‍ നിര്‍ണായകമായതെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്ന് താന്‍ മത്സരിക്കുമോ അതോ ആ സീറ്റ് മകള്‍ പ്രിയങ്ക ഗാന്ധി വദ്രയ്ക്ക് കൈമാറുമോ എന്ന കാര്യം ജനങ്ങള്‍ തന്നെ ഊഹിക്കട്ടെ എന്ന നിലപാടാണ് സോണിയ തന്റെ പ്രസംഗത്തില്‍ സ്വീകരിച്ചത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തെക്കുറിച്ച് സോണിയ യാതൊരു സൂചനയും നല്‍കിയിട്ടില്ല. പ്ലീനറി സമ്മേളനത്തില്‍ 2024 ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റു പ്രതിപക്ഷകക്ഷികളുമായുള്ള സഖ്യമുണ്ടാക്കുന്നതുള്‍പ്പെടെ നിര്‍ണായകമായ തീരുമാനങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തുടരെത്തുടരെയുള്ള തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് പിന്നാലെ കഴിഞ്ഞ ഒക്ടോബറില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് സോണിയ കൈമാറിയിരുന്നു.

Back to top button
error: