CrimeNEWS

റോഡ് പണിയുമായി ബന്ധപ്പെട്ട പരാതി അറിയിച്ച വ്യക്തിയെ കൊലപ്പെടുത്താൻ ശ്രമം; വിളപ്പിൽ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഭർത്താവ് പിടിയിൽ

തിരുവനന്തപുരം: റോഡ് പണിയുമായി ബന്ധപ്പെട്ട പരാതി അറിയിച്ച വ്യക്തിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വിളപ്പിൽ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഭർത്താവ് പിടിയിലായി. വിളപ്പിൽ ചെറുകോട് മോഹന മന്ദിരത്തിൽ മോഹൻദാസി(58)നെയാണ് വിളപ്പിൽശാല പൊലീസ് പിടികൂടിയത്. വിളപ്പിൽ പഞ്ചായത്ത് പ്രസിഡൻ്റും ചെറുകോട് വാർഡ് മെമ്പറുമായ ലില്ലി മോഹൻ്റെ ഭർത്താവ് ആണ് മോഹൻദാസ്.

ചെറുകോട് തെക്കുമല റോഡിന്റെ ടാറിംഗുമായി ബന്ധപ്പെട്ട ശോചനീയാവസ്ഥ ചെറുകോട് സ്വദേശി സാജൻ പഞ്ചായത്ത് ഓവർസിയറോട് പരാതി പറഞ്ഞതിലുള്ള വിരോധത്തിൽ ആണ് ആക്രമണം എന്നാണ് പൊലീസ് പറയുന്നത്. റോഡിൻ്റെ ടാറിംഗുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഇരുഗ്രൂപ്പുകൾ തമ്മിൽ തർക്കമുണ്ടാകുകയും അത് കല്ലേറിലും തുടർന്ന് കയ്യാങ്കളിയിലും എത്തിയിരുന്നതായി പൊലീസ് പറയുന്നു.

Signature-ad

പരാതി നൽകിയതിലുള്ള വൈരാഗ്യത്തിൽ, കഴിഞ്ഞ ദിവസം വൈകിട്ട് ചെറുകോട് സ്കൂൾ ജംഗ്ഷനിൽ പഞ്ചായത്ത് ഓവർസിയറുമായി സംസാരിച്ചു നിക്കുകയായിരുന്ന സാജനെ മോഹൻദാസ് ഓട്ടോറിക്ഷ ഇടിച്ച് അപകടപ്പെടുത്താൻ ശ്രമിക്കുകയും ഇതേ തുടർന്ന് ഉണ്ടായ കയ്യാങ്കളിയിൽ മോഹൻ ദാസ് ഓട്ടോറിക്ഷയിൽ കരുതിയിരുന്ന കമ്പി കൊണ്ട് സാജനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ആയിരുന്നു എന്നാണ് വിളപ്പിൽശാല പൊലീസ് പറയുന്നത്. പരിക്ക് പറ്റിയ സാജൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. സാജൻ്റെ പരാതിയിൽ മോഹൻദാസിനെ പൊലീസ് പിടികൂടുകയായിരുന്നു. റോഡ് പണി നോക്കാൻ എത്തിയ മോഹൻദാസിനെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന പരാതിയിൽ സാജന് എതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Back to top button
error: