KeralaNEWS

ബിബിസിക്ക് മാത്രം മതിയോ മാധ്യമസ്വാതന്ത്ര്യം?

മോദിക്കെതിരായ ഡോക്യുമെൻ്ററിയുടെ പേരില്‍ ബിബിസിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നപ്പോള്‍ ശക്തമായ രീതിയില്‍ സിപിഎം പ്രതികരിച്ചിരുന്നു. ഇത് മാധ്യമ സ്വാതന്ത്ര്യത്തിനെതിരെന്നായിരുന്നു പിബി നിലപാട്. എന്നാല്‍ ഇങ്ങ് കേരളത്തില്‍ പാര്‍ട്ടി ഭരണത്തിലുള്ള ഏക സംസ്ഥാനത്തെത്തുമ്പോൾ സിപിഎം അത് മറക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായുള്ള വാര്‍ത്ത കേട്ടാല്‍ സിപിഎം മാധ്യമ സ്വാതന്ത്ര്യമൊക്കെ മറന്നോ എന്ന് തോന്നും.

ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ വിനു വി.ജോണിനെ കുറച്ചു കാലമായി സിപിഎം അണികളും നേതാക്കളുമൊക്കെ വളഞ്ഞിട്ടാക്രമിക്കുകയാണ്. 2022 മാര്‍ച്ചില്‍ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷ തൊഴിലാഴിക്ക് മര്‍ദനമേറ്റതിനെ ലാഘവത്തോടെയെടുത്ത് സംസാരിച്ച ഏളമരം കരീമിന്‍റെ നിലപാടിനെ ചോദ്യം ചെയ്തതിനാണ് സിപിഎം വിനു വി.ജോണിനും ഏഷ്യാനെറ്റ് ന്യൂസിനുമെതിരെ നിലപാട് കടുപ്പിച്ച് തുടങ്ങിയത്. പിന്നീട് പല തരത്തിലുള്ള ഭീഷണിയാണ് സൈബര്‍ പോരാളികള്‍ ഏഷ്യാനെറ്റ് ന്യൂസിനും വിനുവിനുമെതിരെ പടച്ചുവിട്ടത്. എന്നാല്‍ ഇപ്പോഴിതാ ഏളമരം കരീം നല്‍കിയ പരാതിയില്‍ സ്റ്റേഷനില്‍ ഹാജരാവാന്‍ വിനുവിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ് പൊലീസ്.

Signature-ad

എങ്ങോട്ടാണ് നമ്മുടെ നാട് നീങ്ങുന്നത്. മാധ്യമ ധര്‍മം എന്ന് ഓരോ ദിവസവും ഖോര ഖോരം പ്രസംഗിക്കുന്നവരാണ് ഭരണത്തിലുള്ളവരെ വിമര്‍ശിച്ചതിന് മാധ്യമപ്രവര്‍ത്തകനെ പൊലീസ് സ്റ്റേഷന്‍ വരെ കയറ്റുന്നത്. കേന്ദ്രസര്‍ക്കാര്‍ ബിബിസിക്കെതിരെ രംഗത്തെത്തിയപ്പോള്‍ അരയും തലയും മുറുക്കി ഇറങ്ങിയ ആരെയും ഇപ്പോള്‍ പുറത്ത് കാണാനേയില്ല.

സഞ്ചാര സ്വാതന്ത്യത്തെ ഹനിക്കുന്ന സിപിഎമ്മിന്‍റെ നിലപാടിനെയാണ് അന്ന് ചോദ്യം ചെയ്തത്, ജനപക്ഷത്ത് നിന്നാണ് അതിനെ ലാഘവത്തോടെ എടുത്തതിന് ഏളമരം കരീമിനെ ചോദ്യം ചെയ്തത്. ബിബിസിയുടെ മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന, മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ അപ്പോസ്തോലന്‍മാരായി പറയുന്ന സിപിഎം കേരളത്തില്‍ നടക്കുന്ന മാധ്യമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അറിയുന്നില്ലേ. ബിബിസിക്ക് മാത്രം മതിയോ മാധ്യമ സ്വാതന്ത്ര്യം. ഇനി എത്ര പേടിപ്പിച്ചാലും ജനപക്ഷത്ത് നിന്ന് ഇനിയും ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുമെന്നാണ് വിനു വി.ജോൺ ന്യൂസ് അവറില്‍ പൊലീസിന്റെ നടപടിക്കെതിരെ പ്രതികരിച്ചത്.

മാധ്യമ സ്വതന്ത്ര്യത്തെ പറ്റി വാദിക്കുന്ന ഇരട്ടത്താപ്പുള്ള സിപിഎം സഖാക്കള്‍ ഇനിയെങ്കിലും നിലപാടുകള്‍ മാറ്റാന്‍ തയ്യാറാവണം. സ്വാതന്ത്ര്യം എന്ന് വെറുതെ വാദിച്ചാല്‍ പോര, അത് നടപ്പിലാക്കണം.

Back to top button
error: