കണ്ണൂര്‍: സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാത്തതില്‍ വിശദീകരണവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ രംഗത്ത്. താന്‍ ജാഥ അംഗമല്ലെന്നും മുന്‍ നിശ്ചയിച്ച മറ്റു പരിപാടികള്‍ ഉണ്ടായിരുന്നുതിനാലാണ് പങ്കെടുക്കാനാകാത്തതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ജാഥ പൂര്‍ത്തിയായിട്ടില്ലല്ലോയെന്നും ഇ.പി വിശദീകരിക്കുന്നു.
ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ആണെന്നും അദ്ദേഹത്തിന് സംസ്ഥാനത്ത് എവിടെവെച്ചും ജാഥയില്‍ പങ്കെടുക്കാമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചു. ഇ.പി മനഃപൂര്‍വം വിട്ടുനില്‍ക്കുന്നതല്ല. ഒരു അതൃപ്തിയും ഇക്കാര്യത്തില്‍ എല്‍.ഡി.എഫ് കണ്‍വീനറിനില്ല. ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നുവെന്നും ജയരാജന് പ്രത്യേകം ജില്ല ഇല്ലായെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂരിലെ ജാഥ സ്വീകരണ കേന്ദ്രങ്ങളിലൊന്നും ഇതുവരെ ഇ.പി ജയരാജന്‍ എത്തിയിട്ടില്ല. യാത്രയുടെ ഉദ്ഘാടന പരിപാടിയില്‍ നിന്നും ഇ.പി വിട്ടുനിന്നത് വാര്‍ത്തയായിരുന്നു. എന്നാല്‍, വരും ദിവസങ്ങളില്‍ ഇ.പി ജാഥയില്‍ പങ്കെടുക്കുമെന്നാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് എം.വി ഗോവിന്ദന്‍ വ്യക്തമാക്കിയത്. പാര്‍ട്ടി സെന്ററില്‍നിന്നും വിട്ടുനിന്ന ഇ.പിയെ വീണ്ടും രംഗത്തിറക്കാന്‍ മുഖ്യമന്ത്രിയടക്കം ഇടപെട്ടെങ്കിലും സജീവ രാഷ്ട്രീയത്തില്‍ നിന്നും താന്‍ പിന്മാറുകയാണെന്ന തരത്തിലാണ് ജയരാജന്‍ അനൗദ്യോഗികമായി പ്രതികരിക്കുന്നത്.