ഈ ആഴ്ച അഞ്ചിലേറെ ചിത്രങ്ങളാണ് ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസിന് എത്തുന്നത്. നൻപകൽ നേരത്ത് മയക്കം, തങ്കം, വാരിസ്, വീര സിംഹ റെഡ്ഡി എന്നിവയാണ് പ്രധാന ഒടിടി റിലീസുകൾ. നിവിൻ പോളിയുടെ മഹാവീര്യർ, ഷാഹിദ് കപൂർ–വിജയ് സേതുപതി വെബ് സീരിസ് ഫർസി, നടി ഹൻസികയുടെ വിവാഹ വിഡിയോ, ഉണ്ണി മുകുന്ദന്റെ മാളികപ്പുറം എന്നിവയാണ് കഴിഞ്ഞ വാരം ഒടിടിയിൽ എത്തിയ ചിത്രങ്ങൾ.
മമ്മൂട്ടിയുടെ ‘നൻപകൽ നേരത്ത് മയക്കം’
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ലിജോയും മമ്മൂട്ടിയും ഒന്നിച്ച ചിത്രം ഫെബ്രുവരി 23 മുതൽ ഒടിടി സ്‍ട്രീമിംഗ് ആരംഭിക്കും. നെറ്റ്ഫ്ലിക്സിലാണ് സ്‍ട്രീം ചെയ്യുക. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ട ചിത്രത്തിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. ദുൽഖറിന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്‍തത്. മമ്മൂട്ടിക്ക് പുറമേ അശോകൻ, രമ്യാ പാണ്ഡ്യൻ, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വത് അശോക്‍കുമാർ, സഞ്‍ജന ദിപു തുടങ്ങിയ നിരവധി താരങ്ങളും വേഷമിട്ട ചിത്രം ആഘോഷപൂർവമായിരുന്നു സ്വീകരിക്കപ്പെട്ടിരുന്നത്. എസ് ഹരീഷിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ.
ബിജു മേനോൻ- വിനീത് ശ്രീനിവാസന്റെ ‘തങ്കം’
ശ്യാം പുഷ്കരൻറെ തിരക്കഥയിൽ നവാഹതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത ചിത്രമാണ് തങ്കം. തിയറ്ററുകളിൽ പ്രശംസ ഏറ്റുവാങ്ങിയ ചിത്രം ഫെബ്രുവരി 20 ന് സ്‍ട്രീമിംഗ് ആരംഭിക്കും. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് സ്‍ട്രീമിംഗ്. ഭാവന സ്റ്റുഡിയോസിൻറെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനും ബിജു മേനോനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അപർണ്ണ ബാലമുരളിയാണ് നായിക.
ബാലയ്യയുടെ ‘വീര സിംഹ റെഡ്ഡി’
നന്ദമുറി ബാലകൃഷ്ണ നായക കഥാപാത്രത്തെ അവതരിപ്പിച്ച വീര സിംഹ റെഡ്ഡി ഫെബ്രുവരി 23 ന് ഒടിടിയിൽ എത്തും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആണ് സ്‍ട്രീമിംഗ്. വൈകിട്ട് 6 മണിക്കാണ് പ്രദർശനം തുടങ്ങുക. തെലുങ്കിന് പുറമെ തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം കാണാനാവും. ബാലയ്യയുടെ ഈ വർഷത്തെ ആദ്യ റിലീസ് ആയി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് വീര സിംഹ റെഡ്ഡി. ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്ത ആക്ഷൻ ഡ്രാമ ചിത്രത്തിൻറെ തിയറ്റർ റിലീസ് ജനുവരി 12 ന് ആയിരുന്നു. മികച്ച ഇനിഷ്യൽ നേടിയ ചിത്രം ആദ്യ നാല് ദിനങ്ങളിൽ നിന്നു തന്നെ 100 കോടിക്ക് മുകളിൽ നേടി. ശ്രുതി ഹാസൻ നായികയാവുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്ന് ഹണി റോസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
വിജയിയുടെ ‘വാരിസ്’
വിജയ് നായകനായി ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് ‘വാരിസ്’. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 22ന് സ്‍ട്രീമിംഗ് തുടങ്ങും. ആമസോൺ പ്രൈം വീഡിയോയിൽ ആണ് സ്‍ട്രീമിംഗ്. അച്ഛന്റെ കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന ‘വിജയ് രാജേന്ദ്രൻ’ എന്ന കഥാപാത്രത്തെയാണ് വിജയ് ‘വാരിസ്’ എന്ന സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. രശ്മിക മന്ദാനയാണ് നായിക. പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വൻ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു.
സുന്ദീപ് കിഷന്റെ ‘മൈക്കിൾ’
തെലുങ്ക് യുവ താരം സുന്ദീപ് കിഷൻ നായകനായി എത്തിയ ‘മൈക്കിളും’ ഒടിടിയിൽ എത്തുന്നുണ്ട്. രഞ്‍ജിത്ത് ജെയകൊടി ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. തിരക്കഥയും രഞ്‍ജിത്ത് ജെയകൊടിയുടേത് തന്നെ. ഫെബ്രുവരി 24നാണ് സ്‍ട്രീമിംഗ് തുടങ്ങുക. അയ്യപ്പ ശർമ, ഗൗതം വാസുദേവ് മേനോൻ, ദിവ്യാൻശ കൗശിക്, വരുൺ സന്ദേശ്, വിജയ് സേതുപതി, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സ്വാസികയുടെ ‘ചതുരം’
റോഷൻ മാത്യു, സ്വാസിക വിജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രമാണ് ചതുരം. കഴിഞ്ഞ വർഷം നവംബറിൽ തിയറ്ററുകളിലെത്തിയ ചിത്രം സൈന മൂവീസിൻറെ ഒടിടി പ്ലാറ്റ്ഫോം ആയ സൈന പ്ലേയിലൂടെ ഒടിടിയിൽ എത്തും. സ്‍ട്രീമിംഗ് തിയതി പുറത്തുവിട്ടിട്ടില്ലെങ്കിലും ഈ ആഴ്ച തന്നെ സിനിമ ഓൺലൈനിൽ എത്തുമെന്നാണ് വിവരം. ശാന്തി ബാലചന്ദ്രൻ, അലൻസിയർ ലേ ലോപ്പസ്, നിഷാന്ത് സാഗർ, ലിയോണ ലിഷോയ്, ജാഫർ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധാർഥ് ഭരതനൊപ്പം വിനോയ് തോമസും ചേർന്നാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്.