IndiaNEWS

ജോലിക്ക് പോകുന്നതിനിടെ 21കാരിയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി, രക്ഷിക്കാനെത്തിയയാളും കൊല്ലപ്പെട്ടു

മം​ഗലാപുരം: ദക്ഷിണ കന്നഡ ജില്ലയിലെ കഡബയിൽ 21 കാരിയായ യുവതി ഉൾപ്പെടെ രണ്ട് പേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയാണ് പേരട്കയിലെ മിൽക്ക് സൊസൈറ്റിയിൽ ജോലിക്ക് പോവുകയായിരുന്ന രഞ്ജിത (21) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രഞ്ജിതയെ രക്ഷിക്കാൻ ഓടിയെത്തിയ പ്രദേശവാസിയായ രമേഷ് റായിയും (55) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

രഞ്ജിതയുടെ നിലവിളി കേട്ട് രക്ഷിക്കാൻ ഓടിയെത്തിയ നാട്ടുകാരനായ രമേശ് റായിയെയും കാട്ടാന ആക്രമിക്കുകയായിരുന്നു. പാൽ സഹകരണ സംഘത്തിൽ ജോലിക്ക് പോകുന്നതിനിടെയാണ് രഞ്ജിതയെ കാട്ടാന ആക്രമിച്ചത്. രമേഷ് റായ് സംഭവസ്ഥലത്തുവെച്ചും രഞ്ജിത ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തി.

Signature-ad

ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ എം.ആർ.രവികുമാർ, ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വൈ.കെ. ദിനേഷ് കുമാർ എന്നിവർ സ്ഥലത്തെത്തി. രഞ്ജിതയുടെ കുടുംബത്തിന് നഷ്ടപരിഹാരവും സഹോദരിക്ക് ജോലി നൽകുമെന്ന് അധികൃതർ ഉറപ്പുനൽകി. മേഖലയിൽ കാട്ടാനശല്യം തടയാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഡിസിഎഫ് ശ്രീകുമാർ ഉറപ്പുനൽകി.

കഴിഞ്ഞയാഴ്ച കർണാടക കുട്ട ചൂരിക്കാട് കാപ്പി എസ്റ്റേറ്റിൽ 24 മണിക്കൂറിൻ്റെ ഇടവേളയിൽ പതിനെട്ടുകാരനേയും ബന്ധുവായ വയോധികനേയും കടുവ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഹുൻസൂർ അൻഗോട്ട സ്വദേശിയായ മധുവിൻ്റെയും വീണ കുമാരിയുടേയും മകൻ ചേതൻ (18), ബന്ധുവായ രാജു (72) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ചേതൻ മരിക്കുകയും മധു നിസാര പരിക്കോടെ രക്ഷപ്പെടുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ചേതൻ്റെ ബന്ധു രാജുവിനെ പിറ്റേദിവസം രാവിലെയാണ് കടുവ ആക്രമിച്ചത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയർന്നു.

Back to top button
error: