KeralaNEWS

കളമശ്ശേരിയിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ അനിൽ കുമാർ മുഖ്യസൂത്രധാരനെന്ന് റിമാൻഡ് റിപ്പോർട്ട്‌

കൊച്ചി: കളമശ്ശേരിയിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ അനിൽ കുമാർ മുഖ്യസൂത്രധാരനെന്ന് റിമാൻഡ് റിപ്പോർട്ട്‌. മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ അനിൽ ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്നും ഇക്കാര്യം അനിൽ സമ്മതിച്ചതായും പൊലീസ് അറിയിച്ചു. തനിക്ക് നേരെ ആരോപണം ഉയർന്നതോടെ താത്കാലികമായി രക്ഷപ്പെടാൻ വേണ്ടിയാണ് ഡോ.ഗണേഷ് മോഹന് നേരെ ആരോപണം ഉന്നയിച്ചത് എന്നാണ് അനിൽ കുമാർ ഇപ്പോൾ പൊലീസിന് നൽകിയിരിക്കുന്നത് മൊഴി. സാമ്പത്തിക ലാഭത്തിനാണ് വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്നും ഒരു ലക്ഷത്തിന് അടുത്ത് ഇതിനായി പ്രതി കൈപ്പറ്റിയെന്നും റിപ്പോർട്ടിലുണ്ട്. കേസിലെ മറ്റൊരു പ്രതിയായ രഹനയുടെ പങ്കിനെ കുറിച്ചു കൂടുതൽ അന്വേഷണം നടത്തണമെന്നും റിമാൻഡ് റിപ്പോട്ടിൽ പറയുന്നുണ്ട്.

തമിഴ്നാട്ടിലെ മധുരയിൽ ഒളിവിലിരിക്കെയാണ് കളമശേരി മെഡിക്കൽ കോളജിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറായ അനിൽ കുമാറിനെ അന്വേഷണ സംഘം പിടികൂടിയത്. പണം വാങ്ങിയാണ് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയതെന്ന് അനിൽ കുമാർ പൊലീസിനോട് പറഞ്ഞിരുന്നു. കസ്റ്റ‍ഡിയിലെടുത്ത അനിൽ കുമാറിനെ തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസ് വിശദമായി ചോദ്യം ചെയ്തു. വ്യാജ ജനന സർട്ടിഫിക്കറ്റ് ഇടപാടിൽ വലിയ സാമ്പത്തിക ഇടപട് നടന്നിട്ടുണ്ടെന്ന് നേരത്തെ തന്നെ പൊലീസിന് സൂചന കിട്ടിയിരുന്നു. ചോദ്യം ചെയ്യലിൽ ഇക്കാര്യം അനിൽ കുമാർ സമ്മതിച്ചു.

Signature-ad

പണത്തിനു വേണ്ടിയാണ് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയതെന്നും കുഞ്ഞിനെ ഏറ്റെടുത്ത ദമ്പതിമാർ തുക നൽകിയെന്നും അനിൽ കുമാർ പൊലീസിനോട് പറഞ്ഞു. സുഹൃത്ത് വഴിയാണ് കുഞ്ഞിനെ ഏറ്റെടുത്ത ദമ്പതിമാരെ പരിചയപ്പെട്ടതെന്നും അനിൽ കുമാർ മൊഴി നൽകി. അനിൽ കുമാറിൻറെ മൊഴിയുടെ അടിസ്ഥാനത്തിൽ കുഞ്ഞിനെ നേരത്തെ ഏറ്റെടുത്ത ദമ്പതിമാരെ പൊലീസ് ചോദ്യം ചെയ്യും. ഇതിനു ശേഷം അടുത്ത ആഴ്ച അനിൽ കുമാറിനെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

Back to top button
error: