മുംബൈ: പഠനത്തിൽ മികവ് കാണിക്കാത്തതിന് വഴക്ക് പറഞ്ഞ അമ്മയെ മകൻ കഴുത്ത് ഞെരിച്ച് കൊന്നു. 37 കാരിയായ തസ്ലിം ഷെയ്ക്കാണ് കൊല്ലപ്പെട്ടത്. കൊലപാതകം ആത്മഹത്യയാക്കാന്‍ മകൻ ശ്രമിച്ചെങ്കിലും ഒടുവിൽ അമ്മയെ കൊന്ന കുറ്റത്തിന് പൊലീസ് പിടിയിലായി. പൂനെയിലാണ് സംഭവം നടന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച 37 കാരിയായ തസ്ലീം, പഠനത്തിൽ പുറകോട്ട് പോവുന്നതിന് 18 വയസുകാരനായ മകൻ ജീഷാനെ ചോദ്യം ചെയ്യുകയും വഴക്ക് പറയുകയും തല്ലുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ ജീഷാൻ അമ്മയെ ചുവരിലേക്ക് ഇടിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും ആയിരുന്നു.
അച്ഛനും സഹോദരിയും വീട്ടിലില്ലാത്തപ്പോഴായിരുന്നു സംഭവം. തുടർന്ന് കൊലപാതകം ആത്മഹത്യയാക്കാനും പ്രതി ശ്രമിച്ചു. അമ്മയുടെ കൈഞരമ്പ് ആദ്യം മുറിച്ചു. എന്നാൽ അത് വിശ്വസനീയമായി തോന്നാത്തതിനാൽ ഫാനിൽ കയർ കെട്ടി അതിന് താഴെ മൃതദേഹം കിടത്തി അച്ഛനെ വിവരം അറിയിച്ചു. തൂങ്ങിമരിച്ച അമ്മയെ താഴെ ഇറക്കിയതാണെന്നാണ് പ്രതി പറഞ്ഞത്. എന്നാൽ ആശുപത്രിയിൽ മൃതദേഹം പരിശോധിച്ച ഡോക്ടർമാർക്ക് സംശയം തോന്നി. പോസ്റ്റ്മോർട്ടത്തിൽ കൊലപാതകമെന്ന് തെളിഞ്ഞു. തുടർന്നുള്ള അന്വേഷണത്തിലാണ് 18കാരനായ മകനാണ് കൊലപാതകി എന്ന് തെളിഞ്ഞത്.