ഹരിപ്പാട്: ആലപ്പുഴയില്‍ അനധികൃതമായി മദ്യ വില്പന നടത്തിയിരുന്നയാളെ അറസ്റ്റ് ചെയ്തു. പത്തിയൂർ വ്യാസമന്ദിരത്തിൽ അനിൽകുമാർ (49) ആണ് എക്സൈസിന്‍റെ പിടിയിലായത്. കായംകുളം എക്സൈസ് റേഞ്ച് സംഘവും ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അനില്‍കുമാറിനെ പിടികൂടിയത്.
ഏറെ നാളായി അനധികൃത മദ്യ വില്പന നടത്തിവരികയായിരുന്നു ഇയാളെന്ന് എക്സൈസ് പറഞ്ഞു. വീടിനു സമീപത്തെ ആളൊഴിഞ്ഞ ഷെഡില്‍ വെച്ചായിരുന്നു മദ്യ വില്‍പ്പന. ഷെഡ്ഡിനുള്ളില്‍ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം സൂക്ഷിച്ച് കൂടിയ വിലയ്ക്ക് വിൽപ്പന നടത്തിവരികയായിരുന്നു ഇയാള്‍. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തലാണ് എക്സൈസ് ഇവിടെ പരിശോധന നടത്തിയത്.
പരിശോധനയില്‍ ഷെഡ്ഡിനുള്ളില്‍ നിന്നും മദ്യകുപ്പികളും ഗ്ലാസുകളുമെല്ലാം എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. എക്സൈസ് പ്രിവന്‍റീവ് ഓഫീസർ വി. രമേശൻ, എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ എം. അബ്ദുൽഷുക്കൂർ , സിവിൽ എക്സൈസ് ഓഫീസർമാരായ സിനുലാൽ, അശോകൻ, അഖിൽ, വനിതാ സിവിൽ ഓഫീസർ ഷൈനി നാരായണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.