CultureIndiaLIFENEWS

400 വർഷത്തിനു ശേഷം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പുതിയ ബ്രഹ്മരഥം, നവരാത്രി ആഘോഷത്തിന് ഇനി ഉപയോഗിക്കുക പുതിയ രഥം 

കൊല്ലൂർ: മൂകാംബിക ക്ഷേത്രത്തിൽ പുതിയ ബ്രഹ്‌മരഥം സമർപ്പിച്ചു. 400 വർഷത്തിലധികം പഴക്കമുള്ള പഴയ രഥത്തിന് പകരമായാണ് പുതിയത് നിർമ്മിച്ചത്. ദേവിയെ എഴുന്നള്ളിക്കാനായി തേക്കിലും ആവണിപ്ലാവിലുമാണ് ബ്രഹ്‌മരഥം നിർമ്മിച്ചത്. 3ഡി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പുതിയ രഥം നിർമ്മിച്ചത്. പഴയതിന്റെ കൃത്യമായ പകർപ്പാണ് പുതിയ രഥം. കേലടി രാജാക്കന്മാർ ക്ഷേത്രത്തിന് സമ്മാനിച്ചതാണ് പഴയ രഥം.

മുരുഡേശ്വരയിലെ പ്രമുഖ വ്യവസായി ആർ എൻ ഷെട്ടിയുടെ മകൻ സുനിൽ ഷെട്ടിയാണ് ഒരു കോടി രൂപ വിലമതിക്കുന്ന പുതിയ രഥം ക്ഷേത്രത്തിന് സമർപ്പിച്ചത്. കർണാടക രാഷ്‌ട്ര പ്രശസ്തി അവാർഡ് ജേതാക്കളായ ലക്ഷ്മി നാരായമ ആചാര്യ, മകൻ കോട്ടേശ്വര രാജഗോപാലാചാര്യ എന്നിവർ ചേർന്നാണ് രഥമൊരുക്കിയത്. രണ്ട് വർഷം കൊണ്ടാണ് നിർമ്മാണം പൂർത്തീകരിച്ചത്. കുംഭാശിയിൽ നിന്ന് കൊല്ലൂരിലേക്ക് ഘോഷയാത്രയായാണ് രഥം എത്തിച്ചത്.

400 വർഷത്തിലധികം പഴക്കമുള്ള പഴയ രഥം ക്ഷേത്രത്തിന്റെ പിറകിൽ പ്രവേശന കവാടത്തിനോട് ചേർന്ന് ചില്ലൂക്കൂട്ടിൽ സ്ഥാപിക്കും. വർഷം തോറും നവരാത്രി ആഘോഷത്തിന്റെ ഭാഗമായാണ് ക്ഷേത്രത്തിൽ രഥോത്സവം നടക്കുന്നത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഈ ഒമ്പത് ദിവസവും പ്രധാനമാണെങ്കിലും ഏറ്റവും പ്രധാനം ഒമ്പതാം ദിനമായ മഹാനവമി ദിവസം നടത്തുന്ന പുഷ്പ രഥോത്സവവും വിജയദശമി നാളിലെ വിദ്യാരംഭവുമാണ്. പ്രഥമ ദിവസം രാവിലെ നടക്കുന്ന കലശസ്ഥാപനത്തോടെയാണ് നവരാത്രി ആഘോഷങ്ങൾ ആരംഭിക്കുന്നത്.

തുടർന്നുള്ള ഒമ്പതുദിവസങ്ങളിലും ദേവിയ്‌ക്ക് വിശേഷാൽ പൂജകളും വഴിപാടുകളും നടക്കും. മഹാനവമി നാളിൽ ക്ഷേത്രത്തിൽ രാവിലെ മഹാചണ്ഡികഹോമവും സുവാസിനി പൂജയും വൈകുന്നേരം രഥോത്സവവും നടക്കുന്നു. വിജയദളമി നാളിൽ ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് ആദ്യാക്ഷരം കുറിക്കാനെത്തുന്നത്. അന്നേ ദിവസം വൈകുന്നേരം നടക്കുന്ന വിജയയാത്രയോടെ നവരാത്രി ചടങ്ങുകൾ അവസാനിക്കും.

Back to top button
error: