ദില്ലി: തുർക്കി സിറിയ ഭൂചലനത്തിൽ മരണ സംഖ്യ കാൽ ലക്ഷം കടന്നു. ദുരിത മേഖലയിൽ ഭക്ഷ്യ വസ്തുക്കളുടെ വിതരണത്തിന് അന്താരാഷ്ട്ര സഹായം തേടി ഐക്യ രാഷ്ട്ര സഭ. സഹായവുമായി ലോക കായിക സംഘടനകളും രംഗത്തെത്തി. ദുരന്തം നടന്ന് ആറാം ദിവസവും കെട്ടിടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണ്. കൂടുതൽ രാജ്യങ്ങളിൽ നിന്നും രക്ഷാ പ്രവർത്തകരെ എത്തിച്ച് വ്യാപക തിരച്ചിലാണ് നടക്കുന്നത്. ക്യൂബയുടേയും ഇന്തോനേഷ്യുടേയും സഹായ സംഘങ്ങൾ ഇന്ന് തുർക്കിയിലെത്തി. തകർന്നടിഞ്ഞ കൂറ്റൻ കെട്ടിടങ്ങൾ മുറിച്ച് മാറ്റുന്നതാണ് വെല്ലുവിളി. ഇപ്പോഴും ജീവനോടെ പലരേയും രക്ഷിക്കാനാവുന്നു എന്നതാണ് രക്ഷാപ്രവർത്തകർക്ക് ഊർജം.
അതിനിടെ സിറിയയിലേയും തുർക്കിയിലേയും ദുരിത ബാധിത മേഖലയിൽ ഭക്ഷണ വിതരണത്തിനായി ഐക്യ രാഷ്ട്ര സഭ അന്താരാഷ്ട്ര സഹായം തേടി. അതിശൈത്യം തുടരുന്നതിനാൽ പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യാനാണ് പദ്ധതി. 9 ലക്ഷം പേർ ഭക്ഷ്യ പ്രതിസന്ധി നേരിടുന്നതായാണ് കണക്ക്. അതിനിടെ ഭൂചലനത്തിൽ എല്ലാം നഷ്ടമായ സാധാരക്കാരെ സാഹയിക്കാൻ കൂടുതൽ സംഘടനകൾ രംഗത്തെത്തി. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഒരു മില്യൺ ഡോളറും യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ ആദ്യഘട്ടമായി രണ്ട് ലക്ഷം യൂറോയും വാഗ്ദാനം ചെയ്തു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഒരു മില്യൺ പൗണ്ടും നൽകും.
സിറിയയിലും തുർക്കിയിലും അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ജീവനോടെ വലിച്ചു പുറത്തെടുത്തവരിൽ ചിലരെങ്കിലും ആശുപത്രികളിൽ മരണത്തോട് മല്ലടിക്കുന്നുണ്ട്. വിമത നിയന്ത്രണത്തിലുള്ള വടക്കൻ സിറിയയിലേക്ക് ആദ്യ യുഎൻ സഹായം എത്തിയെങ്കിലും, അത് ഒന്നിനും തികയില്ലെന്ന് ആക്ഷേപമുണ്ട്. തുർക്കിയുടെ തെരുവുകളിൽ കടുത്ത ശൈത്യമാണ്. ആയിരക്കണക്കിന് കുടുംബങ്ങൾ ഇന്നും അന്തിയുറങ്ങാൻ പോവുന്നത് കാറുകളിലും താത്കാലിക ടെന്റുകളിലുമാണ്. ഭൂകമ്പത്തിൽ നിലംപൊത്താതെ അതിജീവിച്ച പള്ളികളും സ്‌കൂളുകളും മറ്റും അഭയാർത്ഥികൾക്കായി തുറന്നു കൊടുത്തിട്ടുണ്ട്. കിടക്കകൾക്കും കമ്പിളി പുതപ്പുകൾക്കും ക്ഷാമമുണ്ട്. കുട്ടികളെ പുതപ്പിച്ചു കിടത്തി, തണുപ്പിനെ ചെറുക്കാൻ രാത്രി മുഴുവൻ തെരുവിലൂടെ നടക്കാൻ നിർബന്ധിതരാണ് രക്ഷിതാക്കളിൽ പലരും.