ഹരിമുരളീരവ സ്രഷ്ടാവ്, ഗിരീഷ് പുത്തഞ്ചേരി വിട വാങ്ങിയിട്ട് 13 വർഷം
ആകാശദീപങ്ങൾ സാക്ഷി നിർത്തി ഹരിമുരളീരവ സ്രഷ്ടാവ് വിട വാങ്ങിയിട്ട് 13 വർഷം. 2010 ഫെബ്രുവരി 10 നാണ് ഗാനരചയിതാവായും തിരക്കഥാകൃത്തായും മലയാളികളുടെ മനസ്സിൽ നിലാവിന്റെ നീലഭസ്മക്കുറിയിട്ട ഗിരീഷ് പുത്തഞ്ചേരി എന്ന സൂര്യകിരീടം വീണുടഞ്ഞത്.
അദ്ദേഹത്തിന്റെ കാവ്യസപര്യയെക്കുറിച്ചുള്ള കണക്കെടുപ്പിൽ നിന്നും:
1. 341 സിനിമകളിലായി 1587 ഗാനങ്ങൾ ഗിരീഷ് പുത്തഞ്ചേരി എഴുതിയിട്ടുണ്ട്.
2. അദ്ദേഹത്തിന്റെ ഏറ്റവും കൂടുതൽ ഗാനങ്ങളുടെ സംഗീത സംവിധായകൻ വിദ്യാസാഗർ (160 ഗാനങ്ങൾ). തുടർന്ന് എസ് പി വെങ്കിടേഷ്, എം ജയചന്ദ്രൻ, രവീന്ദ്രൻ, ഔസേപ്പച്ചൻ എന്നിവർ യഥാക്രമം കൂടുതൽ പുത്തഞ്ചേരി ഗാനങ്ങൾക്ക് സംഗീതം നൽകി.
3. കൂടുതൽ പാടിയ ഗായകൻ യേശുദാസ്. പിന്നാലെ ചിത്ര, എംജി ശ്രീകുമാർ, സുജാത.
4. സിനിമേതര ഗാനങ്ങളിൽ എംജി ശ്രീകുമാറാണ് ഏറ്റവും കൂടുതൽ ഗാനങ്ങൾക്ക് സംഗീതം നൽകിയതും പാടിയതും.
5. ആദ്യകാല ഗാനങ്ങൾ ‘ചക്രവാളത്തിനുമപ്പുറം’, ‘ബ്രഹ്മരക്ഷസ്സ്’, ‘എൻക്വയറി’ എന്നീ ചിത്രങ്ങൾക്ക് വേണ്ടി.
6. ആദ്യഹിറ്റ് ‘ശാന്തമീ രാത്രിയിൽ’ ജയരാജിന്റെ ‘ജോണിവാക്കറി’ൽ. സംഗീതം എസ് പി വെങ്കിടേഷ്.
7. ‘ബ്രഹ്മരക്ഷസ്സ്’, ‘പല്ലാവൂർ ദേവനാരായണൻ’, ‘വടക്കുംനാഥൻ’ എന്നീ ചിതങ്ങളുടെ തിരക്കഥ പുത്തഞ്ചേരിയുടേതായിരുന്നു. ‘മേലേപ്പറമ്പിൽ ആൺവീടി’ന്റെ കഥയും.
8. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് 7 തവണ നേടി.
9. കൊച്ചിൻ ഹനീഫയുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തക്കുറിച്ച് ഒരു സ്മരണിക തയ്യാറാക്കിക്കൊണ്ടിരിക്കേ ആയിരുന്നു പുത്തഞ്ചേരിക്ക് സ്ട്രോക്ക് വന്നതും താമസിയാതെ മരണമടഞ്ഞതും.
10. മകൻ ദിൻ നാഥ് പുത്തഞ്ചേരി ചലച്ചിത്ര ഗാനരചയിതാവാണ്.
സമ്പാദകൻ: സുനിൽ കെ. ചെറിയാൻ