കൽപ്പറ്റ: ഡോക്ടറുടെ ചികിത്സാപിഴവ് കാരണം രക്താർബുദം ബാധിച്ച കുട്ടി മരിച്ച സംഭവത്തിൽ ഡോക്ടറിൽ നിന്നും നഷ്ടപരിഹാരം ഈടാക്കി രക്ഷിതാക്കൾക്ക് നൽകണമെന്ന മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവ് 14 വർഷങ്ങൾക്ക് ശേഷം നടപ്പിലായി. രക്താർബുദം ബാധിച്ച് മരിച്ച പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് 14 വർഷങ്ങൾക്ക് ശേഷം നടപടി വന്നത്. കേരള ഹൈക്കോടതിയിലും മനുഷ്യാവകാശ കമ്മീഷനിലും വർഷങ്ങൾ നീണ്ട നിയമയുദ്ധങ്ങൾക്ക് ശേഷമാണ് നടപടിയുണ്ടായത്.
കൽപ്പറ്റ കണിയാമ്പറ്റ സ്വദേശിനി മിനി ഗണേശിന്, കമ്മീഷൻ 2008 ഡിസംബർ 2 ന് വിധിച്ച 1,75,000 രൂപ നൽകിയിരിക്കണമെന്ന ജുഡീഷ്യൽ അംഗം കെ ബൈജുനാഥിന്റെ അന്ത്യശാസനത്തിന് ഒടുവിലാണ് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവ് നടപ്പാക്കിയത്. മിനി ഗണേശിന്റെ മകൾ ആറര വയസ്സുണ്ടായിരുന്ന അഞ്ജലി 2003 സെപ്റ്റംബർ 21 നാണ് മരിച്ചത്. 1996 ഡിസംബർ അഞ്ചിനാണ് കുട്ടി രക്താർബുദത്തിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തുടങ്ങിയത്. ഡോ. പി എം കുട്ടിയാണ് ചികിത്സിച്ചത്. രോഗം മാറിയെന്നാണ് ഡോക്ടർ രക്ഷിതാക്കളെ ധരിപ്പിച്ചത്. 2002 ൽ പെൺകുട്ടിയുടെ കാഴ്ച മങ്ങി തുടങ്ങി. എന്നാൽ ഇത് മൈഗ്രേനാണെന്ന് പറഞ്ഞ് ഡോക്ടർ അതിനുള്ള ചികിത്സ നൽകി. കാഴ്ച ശക്തി പൂർണ്ണമായും കുറഞ്ഞപ്പോൾ കോയമ്പത്തൂരിലെയും ബാംഗ്ലൂരിലെയും ആശുപത്രികളാണ് കീമോ ചെയ്യാൻ പോലും കഴിയാത്ത തരത്തിൽ അർബുദ രോഗം വ്യാപിച്ചതായി കണ്ടെത്തിയത്.
തുടർന്ന് അമ്മ മിനി ഗണേഷ് കമ്മീഷനിൽ പരാതി നൽകി. കമ്മീഷൻ അംഗമായിരുന്ന ജസ്റ്റിസ് വി പി മോഹൻകുമാർ ചികിത്സാപിഴവ് കണ്ടെത്തി. ഡോ. പി എം കുട്ടിയിൽ നിന്നും ഒന്നേ മുക്കാൽ ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കി അമ്മയ്ക്ക് നൽകാൻ 2008 ൽ ഉത്തരവിട്ടു. ഇതിനെതിരെ ഡോ. കുട്ടി കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷൻ ബഞ്ച് ഡോക്ടറുടെ അപ്പീൽ തള്ളി. 2021 ജൂൺ 21 നാണ് ഹൈക്കോടതി വിധി വന്നത്. എന്നിട്ടും നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്നാണ് മിനി ഗണേഷ് വീണ്ടും മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. തുടർന്ന് 2021 നവംബർ 22 ന് നഷ്ടപരിഹാരം എത്രയും വേഗം അനുവദിക്കണമെന്ന് കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നൽകി. പ്രസ്തത ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഡോ. പി എം കുട്ടിയിൽ നിന്നും 1,75,000 രൂപ ഈടാക്കി മിനി ഗണേഷിന് നൽകിയതായി ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കമ്മീഷനെ അറിയിച്ചത്.