കോട്ടയം: കോതനല്ലൂരില്‍ ബാറിന് മുന്നില്‍ തോക്കുമായി എത്തി വെടിയുതിര്‍ത്ത കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി കളത്തൂര്‍ ഭാഗത്ത് വെട്ടിക്കുഴിയില്‍ കുട്ടപ്പായി എന്ന് വിളിക്കുന്ന നൈജില്‍ ജയ്മോന് (19), മാഞ്ഞൂര്‍ ലൈബ്രറി ജംഗ്ഷന് ഭാഗത്ത് ഞാറപറമ്പില്‍ ജോബിന് സാബു (24) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികള്‍ കഴിഞ്ഞദിവസം സന്ധ്യയോടു കൂടി കോതനല്ലൂര്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ബാര്‍ ഹോട്ടലിന്റെ മുന്‍വശം സ്കൂട്ടറില്‍ എത്തി കയ്യില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു. ബാര്‍ ഉടമയുടെ പരാതിയെ തുടര്‍ന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇരുവരെയും പിടികൂടുകയായിരുന്നു. ഇവരില്‍നിന്ന് എയര്‍ഗണ്‍ കസ്റ്റഡിയില്‍ എടുത്തു.
പ്രതികളില്‍ ഒരാളായ ജോബിന് സാബുവിന് കുറവിലങ്ങാട് സ്റ്റേഷനില്‍ അടിപിടി കേസ് നിലവിലുണ്ട്. കടുത്തുരുത്തി സ്റ്റേഷന് എസ്.എച്ച്.ഒ: സജീവ് ചെറിയാന്, എസ്.ഐ വിനോദ്, എസ്.കെ സജിമോന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.