പത്തനംതിട്ട: തീക്കട്ടയിൽ ഉറുമ്പരിക്കുക എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം കൊടുമൺ പോലീസ് സ്റ്റേഷനിൽ നടന്നത്. പോലീസ് സ്‌റ്റേഷനിലെ ഇ-പോസ് മെഷീനാണ് മോഷണം പോയത്. ഈ കേസിലെ പ്രതിയെ ഒടുവിൽ കൊടുമൺ പോലീസ് തന്നെ പിടികൂടി.
സ്റ്റേഷനിൽ നിന്ന് ഇ – പോസ് മെഷീൻ മോഷ്ടിച്ച കേസിൽ ഏനാദിമംഗലം ഇളമണ്ണൂര്‍ മരുതിമൂട് എബി ഭവനം വീട്ടില്‍ ജോണിന്റെ മകന്‍ എബി ജോണ്‍ (28) ആണ് കൊടുമണ്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 27 ന് രാത്രി എട്ടേമുക്കാലിനാണ് ഒരു കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് സ്‌റ്റേഷനില്‍ നിര്‍ത്തിയിരുന്ന പ്രതി മെഷീന്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടന്നുകളഞ്ഞത്. മോഷണവിവരം മനസ്സിലാക്കിയ ഉടനെ അന്നത്തെ ജി ഡി ചാര്‍ജ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ മൊഴി രേഖപ്പെടുത്തി. മോഷണത്തിന് ഈമാസം ഒന്നിന് കേസെടുത്തു. സ്‌റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിന് 27 ന് രാത്രി ഏട്ടമുക്കാലിന് എബി മെഷീന്‍ മോഷ്ടിച്ച് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചുകൊണ്ടുപോകുന്നത് വ്യക്തമായി. തുടര്‍ന്ന് നടത്തിയ വ്യാപകമായ അന്വേഷണത്തില്‍ മരുതിമൂട് നിന്നും ഇന്നലെ രാത്രി എട്ടുമണിക്കാണ് പോലീസ് പ്രതിയെ പിടികൂടിയത്.
വൈദ്യപരിശോധനയ്ക്ക് ശേഷം സ്‌റ്റേഷനില്‍ എത്തിച്ച ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു, പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. വിരലടയാളം എടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ പോലീസ്, മെഷീന്‍ ഉപേക്ഷിച്ചുവെന്ന് ഇയാള്‍ പറഞ്ഞ സ്ഥലത്ത് തെരഞ്ഞപ്പോള്‍ കിട്ടിയ മെഷീന്റെ ഭാഗം ബന്തവസ്സിലെടുത്തു. ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ കുറെയേറെ ഇലക്ട്രോണിക് സാധനങ്ങള്‍ കണ്ടെത്തി. കമ്പ്യൂട്ടര്‍ ഡിപ്ലോമ നേടിയ എബി ഈ വിഷയത്തില്‍ വിദഗ്ദ്ധനാണ് എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
പോലിസിലെ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം വിദഗ്ദ്ധരും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ജി ഡി ചാര്‍ജ് ഉദ്യോഗസ്ഥന്‍ സ്‌റ്റേഷനിലെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരുന്ന സമയത്തിനിടയില്‍ ഞൊടിയിടെയാണ് യുവാവ് മോഷണം നടത്തിയത്. ക്രിമിനല്‍ മനോനിലയുള്ള പ്രതി നിമിഷനേരം കൊണ്ട് അതിവിദഗ്ദ്ധമായാണ് മോഷണം നടത്തിയതെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. മോഷണത്തിന് പുറമെ, പൊതുമുതലിനു നാശനഷ്ടം വരുത്തിയതായി കണ്ടെത്തിയതിനെതുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി ചേര്‍ത്താണ് അന്വേഷണം തുടരുന്നത്.
കൊടുമണ്‍ ബീവറേജസില്‍ ബഹളമുണ്ടാക്കിയതിന് ജീവനക്കാര്‍ വിളിച്ചുപറഞ്ഞതുപ്രകാരം പിടിച്ചുകൊണ്ടുവന്ന് കേസ് രജിസ്റ്റര്‍ ചെയ്തശേഷം സ്‌റ്റേഷനില്‍ നിര്‍ത്തിയിരുന്നപ്പോഴാണ് എബി ഇ പോസ്സ് മെഷീന്‍ മോഷ്ടിച്ചുകടന്നത്. പോലീസുമായും തര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇയാളെ വളരെ ശ്രമകരമായി കീഴ്‌പ്പെടുത്തിയാണ് സ്‌റ്റേഷനിലെത്തിച്ചത്. ലഹരിവസ്തുക്കള്‍ ഉപയോഗിച്ച ശേഷം ശല്യമുണ്ടാക്കുന്ന പ്രകൃതമാണ് ഇയാളുടേതെന്ന്, പോലീസ് അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.