IndiaNEWS

ഓടുന്ന വാഹനങ്ങളിലെ തീപിടിത്തം നിത്യസംഭവം, ദുരന്തം ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് തീപിടിക്കുന്നത് കേരളത്തിൽ ഒരു നിത്യസംഭവമായി മാറിയിട്ടുണ്ട്. ഇന്ന് രാവിലെ 8:30 മണിക്ക് വെഞ്ഞാറമൂട് മൈലക്കുഴിയിൽ  ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. രാവിലെ 8:30 ഓടെ വെഞ്ഞാറമൂട് നിന്ന് ആറ്റിങ്ങലിലേയ്ക്ക് പോവുകയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്. കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. മുൻവശത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട കാർ ഡ്രൈവർ ഇറങ്ങി ഓടുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായും കത്തി നശിച്ചു.

ഇന്നലെയാണ് കണ്ണൂർ ജില്ലാ ആശുപത്രിക്കു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗർഭിണിയും ഭർത്താവും വെന്തുമരിച്ചത്. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. കുറ്റ്യാട്ടൂരിലെ വീട്ടിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് കാറിൽ പോകുമ്പോഴായിരുന്നു അപകടം. മരിച്ച രണ്ടുപേരും കാറിന്റെ മുൻസീറ്റിലായിരുന്നു. കാറിന്റെ പിൻസീറ്റിൽ ഉണ്ടായിരുന്ന കുട്ടി ഉൾപ്പെടെ 4 പേർ രക്ഷപ്പെട്ടു. ഷോർട്ട് സർക്യൂട്ടാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

മുന്‍ വശത്തുനിന്നാണ് തീ പടര്‍ന്നത്. ആദ്യം കാര്‍ ഓടിച്ചിരുന്നയാളിന്റെ കാലിലേക്കു തീ പടരുകയായിരുന്നു. പ്രജിത്താണ് വാഹനം ഓടിച്ചിരുന്നത്. തീ പടര്‍ന്നത് കണ്ടതോടെ പ്രജിത്ത് തന്നെയാണ് പിന്നിലെ ഡോര്‍ തുറന്നു കൊടുത്തത്. എന്നാല്‍ പിന്നീട് മുന്‍വശത്തെ ഡോര്‍ തുറക്കാന്‍ കഴിയാതിരുന്നതോടെ പ്രജിത്തും റീഷയും അഗ്നിക്കിരയാവുകയായിരുന്നു. കാറിനുള്ളിലുണ്ടായിരുന്നവര്‍ പ്രാണവേദന കൊണ്ട് കരഞ്ഞ് വിളിച്ചെങ്കിലും രക്ഷിക്കാന്‍ കഴിയാതെ നിസ്സഹായരായി കണ്ടു നില്‍ക്കാനേ ഓടിക്കൂടിയ നാട്ടുകാര്‍ക്കു കഴിഞ്ഞുള്ളു.

കാറിനുള്ളിൽ രണ്ട് കുപ്പി പെട്രോൾ സൂക്ഷിച്ചിരുന്നുവെന്നും ഷോർട്ട് സർക്യൂട്ട് വഴിയുണ്ടായ തീ കൂടുതൽ വേഗത്തിൽ പടർന്ന് പിടിക്കാൻ ഇത് ഇടയാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. ജെസിബി ഡ്രൈവർ കൂടി ആയിരുന്ന മരിച്ച പ്രജിത്ത് രണ്ട് കുപ്പി പെട്രോൾ കാർ ഡ്രൈവിങ്ങ് സീറ്റിന്റെ അടിയിൽ വച്ചിരുന്നു. കാറിന്റെ പെട്രോൾ ടാങ്ക്  പൊട്ടാതിരുന്നിട്ടും തീ ആളിപ്പടരാൻ കാരണമിതാണ്. എയർ പ്യൂരിഫയർ ഉണ്ടായിരുന്നതും അപകടത്തിന്റെ ആഘാതം കൂട്ടി. തീ ഡോറിലേക്ക് പടർന്നതിനാൽ ലോക്കിങ്ങ് സിസ്റ്റവും പ്രവർത്തനരഹിതമായി.

നേരത്തേയും ഓടുന്ന കാറുകൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ നിരവധിതവണ ആവർത്തിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ജീവഹാനി സംഭവിക്കാതെ അപകടങ്ങൾ അവസാനിക്കുകയാണ് പതിവ്.

വാഹനങ്ങൾ തീപിടിക്കാതെ സംരക്ഷിക്കുന്നതിനും അഥവാ തീ പിടിച്ചാൽ അപകടം ഒഴിവാക്കുന്നതിനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഡിസൈന്‍ വില്ലനാകാം

വാഹനത്തിന്റെ ഡിസൈന്‍ പാളിച്ചകൾ തീപിടിക്കാനുള്ള കാരണമാകാം. ടാറ്റ നാനോയില്‍ തീപിടിക്കുന്ന സംഭവങ്ങള്‍ പതിവായപ്പോൾ ഡിസൈന്‍ പാളിച്ചയാണ് കാരണമെന്ന് തിരിച്ചറിഞ്ഞ് ഡിസൈനര്‍മാര്‍ അടിയന്തരമായി പ്രശ്‌നം പരിഹരിച്ചിരുന്നു.

പലപ്പോഴും വാഹനങ്ങൾ തീപിടിക്കാനുള്ള പ്രധാന കാരണം ഷോർട്ട് സർക്യൂട്ട് ആണ്. കണ്ണൂരും ഈ സാധ്യതയാണ് വിദഗ്ധർ കാണുന്നത്. ആഫ്റ്റര്‍മാര്‍ക്ക്റ്റ് ആക്സസറികളോട് മിക്കവര്‍ക്കും വലിയ പ്രിയമാണ്. തിളക്കമാര്‍ന്ന ലാമ്പുകളും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങളും കാറിന്റെ സൗന്ദര്യം കൂട്ടിയേക്കും. പക്ഷേ ഇത്തരം ആക്‌സസറികള്‍ക്കായി ചെയ്യുന്ന വയറിങ് കൃത്യമല്ലെങ്കില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് വഴിതെളിക്കും.

ചെറിയ ഷോട്ട് സര്‍ക്യൂട്ട് മതി കാറിലെ മുഴുവന്‍ വൈദ്യുത സംവിധാനവും തകരാറിലാകാന്‍. അതുപോലെ സീലു പൊട്ടിയ വയറിങ്ങുകള്‍, കൃത്യമല്ലാത്ത വയറിങ് എന്നിവയും ഷോട്ട്സർക്യൂട്ടിന് കാരണമാകാം. കൂടാതെ ശരിയായി കണക്ട് ചെയ്യാത്ത ബാറ്ററി, സ്റ്റാർട്ടർ, എന്തിന് സ്റ്റീരിയോ വരെ ചിലപ്പോൾ തീപിടുത്തത്തിനു കാരണമായേക്കാം.

വ്യാജ ആഫ്റ്റര്‍ബേണ്‍ എക്‌സ്‌ഹോസ്റ്റുകൾ കാറില്‍ ഘടിപ്പിക്കുന്നത് അപകടം ക്ഷണിച്ചു വരുത്താം. എക്‌സ്‌ഹോസ്റ്റ് പൈപ്പിനുള്ളില്‍ ഘടിപ്പിച്ച സ്പാര്‍ക്ക് പ്ലഗ് ഉപയോഗിച്ച് എക്‌സ്‌ഹോസ്റ്റ് വാതകങ്ങളെ കത്തിക്കുമ്പോള്‍ എക്‌സ്‌ഹോസ്റ്റിലുണ്ടാകുന്ന ചെറിയ ഒരു പാളിച്ച മതി തീ പടരാൻ. കാറിന്റെ കരുത്തും എക്‌സ്‌ഹോസ്റ്റ് ശബ്ദവും കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ആഫ്റ്റര്‍മാര്‍ക്കറ്റ് എക്‌സ്‌ഹോസ്റ്റുകൾ ഉപയോഗിക്കുന്നത്. എക്‌സ്‌ഹോസ്റ്റ് വാതകങ്ങളെ സുഗമമായി പുറന്തള്ളുന്ന വിധത്തിലാണ് ഇത്തരം എക്‌സ്‌ഹോസ്റ്റുകളുടെ രൂപകല്‍പനയും. ചില അവസരങ്ങളില്‍ എക്‌സ്‌ഹോസ്റ്റ് വാതകങ്ങളുടെ താപം 900 ഡിഗ്രി സെല്‍ഷ്യല്‍ വരെ വര്‍ധിക്കാറുണ്ട്. ആഫ്റ്റര്‍മാര്‍ക്കറ്റ് എക്‌സ്‌ഹോസ്റ്റിന് ഗുണനിലവാരം കുറവാണെങ്കില്‍ കാറിൽ തീപിടിക്കാനുള്ള സാധ്യതയും കൂടും.

അനധികൃത സി.എൻ.ജി/എൽ,പി.ജി കിറ്റുകള്‍ പിടിപ്പിക്കുന്നതും തീപിടിത്ത സാധ്യത വർധിപ്പിക്കുന്നു. സി.എൻ.ജി സംവിധാനത്തിൽ സിലിണ്ടറിലുള്ള സമ്മര്‍ദ്ദമേറിയ വാതകങ്ങളെ പ്രത്യേക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് എഞ്ചിനിലേക്ക് കടത്തി വിടുന്നത്. അതിനാല്‍ ഡെലിവറി ലൈനില്‍ അല്ലെങ്കില്‍ കിറ്റില്‍ ഉണ്ടാകുന്ന ചെറിയ പിഴവ് പോലും വലിയ അപകടങ്ങള്‍ക്ക് വഴിതെളിക്കും. ഗുണനിലവാരം കുറഞ്ഞ കിറ്റാണെങ്കില്‍ തീ കത്താനുള്ള സാധ്യത കൂടും.

റോഡപകടങ്ങള്‍ക്ക് പിന്നാലെ കാറില്‍ തീപടരുന്ന സംഭവങ്ങളും പതിവാണ്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഫ്യൂവല്‍ ലൈന്‍ തകര്‍ന്ന് ഇന്ധനം ലീക്കാവുന്നത് പലപ്പോഴും തീപടരാനിടയാക്കും. ഫ്യൂവല്‍ ലൈനില്‍ നിന്നും ചോര്‍ന്നൊലിക്കുന്ന ഇന്ധനം എഞ്ചിനില്‍ കടക്കുമ്പോഴാണ് തീപിടിക്കാറുള്ളത്. എഞ്ചിനിലെ ഉയര്‍ന്ന താപത്തില്‍ ഇന്ധനം ആളിക്കത്തും.

എൻജിൽ ഓയിലിന്‍റെ ചോർച്ചയും ചിലപ്പോള്‍ അപകടം ക്ഷണിച്ചു വരുത്തിയേക്കാം. ഫ്യൂവൽ ഇഞ്ചക്ടർ, ഫ്യൂവൽ പ്രെഷർ റെഗുലേറ്റർ എന്നിവയിലുണ്ടാകുന്ന തകരാർ മൂലം ഇന്ധനം ലീക്കാകാം. ഇത്തരത്തിൽ ചോരുന്ന ഇന്ധനം ഇഗ്നീഷ്യൻ‌ സോഴ്സുമായി ചേർന്നാൽ പെട്ടന്ന് തീപിടിക്കും.

ബോണറ്റ് തുറന്ന് എഞ്ചിന്‍ ബേ വൃത്തിയാക്കിയതിന് ശേഷം തുണിയും മറ്റു ക്ലീനറുകളും ബോണറ്റിനുള്ളില്‍ വച്ച് മറന്നു പോകുന്നവരുണ്ട്. ഇങ്ങനെ പൂട്ടുന്ന ശീലവും കാറില്‍ തീപിടിക്കുന്നതിന് കാരണമാകാറുണ്ട്. എഞ്ചിന്‍ ക്രമാതീതമായി ചൂടാകുമ്പോള്‍ ബോണറ്റിനടിയില്‍ വെച്ചു മറന്ന തുണിയിലും ക്ലീനറിലും തീ കത്തിയാല്‍ വന്‍ ദുരന്തത്തിലേക്കാവും ഇത് നയിക്കുക.

മുൻകരുതലുകൾ

♦️കൃത്യമായ മെയിന്റനൻസ്.

♦️അനാവശ്യ മോഡിഫിക്കേഷനുകള്‍ ഒഴിവാക്കുക.

♦️വേഗത്തിൽ തീപിടിക്കാവുന്ന വസ്‍തുക്കൾ വാഹനങ്ങളിൽ കൊണ്ടുപോകരുത്.

♦️വാഹനങ്ങളിൽ ഇരുന്ന് പുകവലിക്കരുത്.

തീ പിടിച്ചാല്‍ ചെയ്യേണ്ടത്

തീ പിടിത്ത സാധ്യത കണ്ടാൽ ആദ്യം വാഹനം ഓഫാക്കുക. വാഹനത്തിൽ നിന്നും ഇറങ്ങി സുരക്ഷിത അകലം പാലിക്കുക.

ഒരിക്കലും സ്വയം തീ അണയ്ക്കാൻ ശ്രമിക്കരുത്. തീ പിടിത്തംമൂലം ഉത്പ്പാദിപ്പിക്കുന്ന വിഷമയമായ വായു നമ്മുടെ ജീവന്‍ അപകടത്തിലാക്കിയേക്കാം.

ബോണറ്റിനകത്താണ് തീപിടിക്കുന്നതെങ്കിൽ ഒരിക്കലും ബോണറ്റ് ഉയർത്താൻ ശ്രമിക്കരുത്. കാരണം കൂടുതല്‍ ഓക്സിജന്‍ അവിടേക്ക് ലഭിക്കുന്നതോടെ തീയുടെ കരുത്തും കൂടും.

വാഹനത്തിന് അകത്ത് കുടുങ്ങിയാൽ സീറ്റുകളിലെ ഹെഡ്​റെസ്​റ്റ്​ ഉപയോഗിച്ച് കാറിന്‍റെ ജനാല തകര്‍ക്കുക​. ഹെഡ്​ റെസ്​റ്റ്​ ഈരിയെടുത്ത്​ അതി​ന്‍റെ കുർത്ത അഗ്രങ്ങൾ കൊണ്ട്​ കണ്ണാടി പൊട്ടിച്ച്​ പുറത്തുകടക്കണം

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: