KeralaNEWS

തീവ്ര ന്യൂനമർദ്ദം ശ്രീലങ്കൻ തീരത്ത്: കേരളത്തിൽ ഒറ്റപ്പെട്ട മഴ മുന്നറിയിപ്പ്; തമിഴ്നാട്ടിൽ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി

തിരുവനന്തപുരം/ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദം ശ്രീലങ്കൻ തീരത്തെത്തിയതോടെ കേരളത്തിലും തമിഴ്നാട്ടിലും മഴ മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ പ്രവചനം. ഇത് കണക്കിലെടുത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

കനത്ത മഴ കണക്കിലെടുത്ത് തമിഴ്‌നാട്ടിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മൈലാടുതുറൈ, നാഗപട്ടണം ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കുമാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. ശക്തമായ മഴയെ തുടര്‍ന്ന് തിരുവാരൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

തമിഴ്നാടിന്റെയും പുതുച്ചേരിയുടെയും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യുനമര്‍ദം ഇന്നലെ പുലര്‍ച്ചയോടെ ശ്രീലങ്കയില്‍ കരയില്‍ പ്രവേശിച്ചു. പടിഞ്ഞാറു – തെക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന തീവ്രന്യുനമര്‍ദം ഇന്ന് രാവിലെയോടെ മാന്നാര്‍ കടലിടുക്കില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Back to top button
error: