LIFEMovie

നാല്പത് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ; ‘മാളികപ്പുറം’ തിയറ്ററുകളിൽ സൂപ്പർ ഹിറ്റായി മുന്നേറുന്നു

തിയറ്ററുകളിൽ സൂപ്പർ ഹിറ്റായി മുന്നേറുകയാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും മറ്റ് അഭിനേതാക്കളും തകർത്താടിയ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഈ വർഷത്തെ മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം എന്ന ഖ്യാതിയും സ്വന്തമാക്കിയിരിക്കുകയാണ് മാളികപ്പുറം. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

‘നന്ദി. സന്തോഷം. അഭിമാനം. ഈ സിനിമയെ ഹൃദയത്തോട് ചേർത്ത് സ്നേഹിച്ചതിന് ഒരുപാട് നന്ദി. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാൽ തീരാത്ത നന്ദിയും കടപ്പാടും. മാളികപ്പുറം സിനിമയിലെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു’, എന്നാണ് സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ കുറിച്ചത്. നാല്പത് ദിവസം കൊണ്ടാണ് മാളികപ്പുറം ലോകമെമ്പാടുമായി 100 കോടി നേടിയിരിക്കുന്നത്. ഇതോടെ ഉണ്ണി മുകുന്ദൻറെ സിനിമാ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായി മാളികപ്പുറം മാറിയിരിക്കുകയാണ്. 2022 ഡിസംബർ 30ന് ആയിരുന്നു മാളികപ്പുറത്തിൻറെ റിലീസ്.

കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥയായിരുന്നു ചിത്രം പറഞ്ഞത്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ പ്രിയ വേണു, നീത പിൻറോ എന്നിവരാണ് ചിത്രത്തിൻറെ നിർമ്മാണം.സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: