KeralaNEWS

ഇടുക്കിയിൽ ശൈശവ വിവാഹം; 16 വയസുകാരിയെ കല്യാണം കഴിച്ചത് വിവാഹിതനായ 47കാരൻ, പോലീസ് അന്വേഷണം തുടങ്ങി

മൂന്നാർ: ഇടുക്കിയിലെ ഇടമലക്കുടിയിൽ ശൈശവ വിവാഹം. 47 വയസ്സുകാരൻ 16 വയസ്സുകാരിയെ വിവാഹം കഴിച്ചു. ഇടമലക്കുടി പഞ്ചായത്തിലെ കണ്ടത്തിക്കുടി സ്വദേശിയായ രാമനാണ് ഒരാഴ്ച മുൻപ് 16 വയസ്സുകാരിയെ വിവാഹം കഴിച്ചത്. ഇയാൾ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ശൈശവ വിവാഹം നടന്നതു സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി. അന്വേഷണത്തിൽ വിവാഹം നടന്നതായി തെളിഞ്ഞു. ഇരുവരും പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചു വന്നിരുന്നതായും കണ്ടെത്തി.

എന്നാൽ, ഉദ്യോഗസ്ഥരെത്തിയ സമയത്ത് ഇരുവരും സ്ഥലത്തുനിന്ന് മുങ്ങി. സംഭവം സംബന്ധിച്ച് ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് റിപ്പോർട്ടു നൽകിയതായി സാമൂഹിക ക്ഷേമ വകുപ്പ് താലൂക്ക് തല ഉദ്യോഗസ്ഥർ പറഞ്ഞു. ഗോത്രാചാരപ്രകാരമായിരുന്നു ഇടമലകുടിയില്‍ വിവാഹം നടന്നത്. ഇരുവരുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇതേക്കുറിച്ച് ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ക്ക് ലഭിച്ച രഹസ്യവിവരമാണ് അന്വേഷണങ്ങള്‍ക്ക് തുടക്കം. ഉദ്യോഗസ്ഥര്‍ കുടിയിലെത്തി പരിശോധന നടത്തി ശരിയെന്ന് ഉറപ്പുവരുത്തി. ഗോത്രാചാര പ്രകാരമാണ് വിവാഹം നടന്നതെന്നും ഇരുവരും വെവ്വേറെയാണ് താമസിക്കുന്നതെന്നും മാതാപിതാക്കള്‍ മൊഴി നല്‍കി. സംഭവത്തില്‍ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ശിശുസംരക്ഷണ ഓഫിസര്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ സമീപിച്ചു. ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 47 കാരനെതിരെയും ഇയാളുടെയും പെണ്‍കുട്ടിയുടെയും മാതാപിതാക്കള്‍ക്കെതിരെയും പൊലീസ്‍ അന്വേഷണം തുടങ്ങി.

Back to top button
error: