IndiaNEWS

തമിഴ്‌നാട്ടിലെ ദേശിയ പാതയിൽ കാർ തട്ടിയെടുത്ത് 2 കോടി കവർന്ന പ്രതികൾ പിടിയില്‍, രാത്രി വാഹനം തടഞ്ഞു നിർത്തി പണം കവരുന്ന ഈ സംഘത്തിലെ 6 പേരും മലയാളികള്‍

    ഈറോഡ് ദേശീയപാതയില്‍ ആന്ധ്രാപ്രദേശ് നെല്ലൂര്‍ സ്വദേശിയെ ആക്രമിച്ച് കാറും രണ്ടുകോടി രൂപയും തട്ടിയെടുത്ത കൊള്ള സംഘം പൊലീസ് പിടിയിൽ. ഈറോഡ് പോലീസ് അറസ്റ്റുചെയ്തു 6 പേരും മലയാളികളാണ്.

ജയന്‍ (45), സി. സന്തോഷ് (39), ടൈറ്റസ് (33), മുജീബ് റഹ്‌മാന്‍ (37), എ. സന്തോഷ് (വിപുല്‍-31), എ. മുജീബ് റഹ്‌മാന്‍ (45) എന്നിവരെയാണ് സിത്തോട് പോലീസ് അറസ്റ്റുചെയ്തത്. ഈ 21 ശനിയാഴ്ച രാത്രി നെല്ലൂര്‍ സ്വദേശി വികാസ് കാറില്‍ കോയമ്പത്തൂരിലേക്കു വരുമ്പോള്‍ ദേശീയപാതയില്‍ ഭവാനിക്കുസമീപം മറ്റൊരു കാറില്‍ പിന്തുടര്‍ന്നുവന്ന സംഘം വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന്, വാഹനത്തിലുണ്ടായിരുന്ന രണ്ടുകോടിരൂപയും കാറുമായി അക്രമിസംഘം കടന്നുകളഞ്ഞു.

ഉടന്‍തന്നെ കാർ ഉടമ വികാസ് സമീപത്തെ സിത്തോട് പോലീസ് സ്റ്റേഷനിലെത്തി പരാതിനല്‍കി. അന്വേഷണത്തില്‍ അന്നുതന്നെ സമീപ പ്രദേശത്ത് ഉപേക്ഷിച്ചനിലയില്‍ കാര്‍ കണ്ടെത്തി. എന്നാല്‍, പ്രതികളെ കിട്ടിയില്ല.

കഴിഞ്ഞദിവസം രാവിലെ സിത്തോട് ഭാഗത്ത് പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെ സംശയകരമായി കണ്ട കാര്‍ പരിശോധിച്ചു. വണ്ടിയില്‍ നടത്തിയ പരിശോധനയില്‍ വ്യാജ സ്റ്റിക്കറും വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളും 20,000 രൂപയും കണ്ടെത്തി. തുടര്‍ന്നുള്ള ചോദ്യംചെയ്യലിലാണ് ഒരാഴ്ച മുമ്പുള്ള കവര്‍ച്ചയുടെ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.

ഭവാനി ലക്ഷ്മിനഗര്‍ ഭാഗത്തുവെച്ച് ജനുവരി 21ന് വികാസിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി പണം കൊള്ളയടിച്ചെന്ന് പ്രതികള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. മറ്റൊരു കവര്‍ച്ചയ്ക്കുപോകുമ്പോഴാണ് ഈ സംഘം പോലീസ് പിടിയിലായത്. പ്രതികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

Back to top button
error: