IndiaNEWS

രാജസ്ഥാനില്‍ വീണത് മധ്യപ്രദേശിൽ കൂട്ടിയിടിച്ച മിറാഷ് വിമാനമെന്നു സ്ഥിരീകരണം; പൈലറ്റ് കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ഭരത്പൂരിൽ വീണത് മധ്യപ്രദേശിലെ മോറേനയിൽ കൂട്ടിയിടിച്ച രണ്ടു വിമാനങ്ങളിലൊന്നാണെന്നു സ്ഥിരീകരണം. ഭരത്പൂരില്‍ കണ്ടെത്തിയത് മൊറേന അപകടത്തില്‍ തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ തന്നെയാണെന്ന് മൊറേന ജില്ലാ കലക്ടര്‍ അങ്കിത് ആസ്താന വ്യക്തമാക്കി. ഇവിടെ തകർന്നുവീണത് വ്യോമസേനയുടെ മിറാഷ് 2000 ആണെന്നാണ് റിപ്പോർട്ട്.

ഗ്വാളിയോർ വ്യോമത്താവളത്തിൽനിന്നു പുറപ്പെട്ട സുഖോയ്-30, മിറാഷ് 2000 വിമാനങ്ങൾ വ്യോമസേനയുടെ പരിശീലന അഭ്യാസ പ്രകടനത്തിനിടെ ആകാശത്തുവച്ച് കൂട്ടിയിടിച്ചിരുന്നു. സുഖോയ്–30 വിമാനം മധ്യപ്രദേശിലെ മൊറേനയിൽ തകർന്നു വീണിട്ടുണ്ട്. ഇതിൽ മിറാഷ് 2000 വിമാനമാണ് രാജസ്ഥാനിൽ വീണതെന്നാണ് റിപ്പോർട്ടുകൾ. മിറാഷിലെ പൈലറ്റ് ഇജക്ട് ചെയ്തെങ്കിലും മരിച്ചുവെന്നാണ് റിപ്പോർട്ട്.

Signature-ad

സുഖോയ്- 30 എംകെഐയിലെ രണ്ട് പൈലറ്റുമാര്‍ സുരക്ഷിതരാണെന്നും മിറാഷ്-2000ലെ പൈലറ്റാണ് കൊല്ലപ്പെട്ടതെന്നും വ്യോമസേന വൃത്തങ്ങള്‍ വ്യക്തമാക്കി. പരിശീലനപ്പറക്കലിനിടെയാണ് അപകടം നടന്നത്. എയര്‍ ബോംബിങ് പരിശീലനത്തിന് വേണ്ടിയാണ് വിമാനങ്ങള്‍ പറന്നുയര്‍ന്നത്. അപകടത്തിന് പിന്നിലെ കാരണം കണ്ടെത്താനായി അന്വേഷണം ആരംഭിച്ചതായും വ്യോമസേന വ്യക്തമാക്കി. വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചോയെന്ന് അന്വേഷിക്കുമെന്ന് ഐഎഎഫ് വൃത്തങ്ങള്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഐഎഎഫ് ബേസ് ആയി പ്രവര്‍ത്തിക്കുന്ന ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ നിന്നാണ് വിമാനങ്ങള്‍ പറന്നുയര്‍ന്നത്. പഹാഡ്ഗഢില്‍ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് കൊല്ലപ്പെട്ട പൈലറ്റിന്റെ ശരീരം കണ്ടെത്തിയത്. എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരിയില്‍ നിന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വിവരങ്ങള്‍ ആരാഞ്ഞു.

Back to top button
error: