മോഹൻലാലിന് ഗുണ്ട ഇമേജ് ഉള്ളതുകൊണ്ടാണ് തന്റെ സിനിമകളിൽ അഭിനയിപ്പിക്കാത്തത് എന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ അഭിപ്രായത്തിന് പ്രതികരണവുമായി നടൻ ധർമജൻ ബോൾഗാട്ടി. മോഹൻലാലിനെക്കുറിച്ചുള്ള അടൂരിന്റെ പ്രതികരണം വലിയ വിവാദമായിരുന്നു. മോഹൻലാലിന്റെ നല്ല സിനിമകൾ അടൂർ ഗോപാലകൃഷ്ണൻ കണ്ടിട്ടില്ലാത്തത് കൊണ്ടാണ് അങ്ങനെ തോന്നുന്നതെന്ന് ധർമജൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ‘സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ മോഹൻലാൽ എന്നും വലിയ നടനാണെന്നും മോശം വാക്കുകൾ ഉപയോഗിക്കരുത്’ എന്ന് ധർമജന്റെ കുറിപ്പിലുണ്ട്.
ധർമജന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
മോഹൻലാൽ എന്ന നടൻ ഞങ്ങൾക്ക് വലിയ ആളാണ് അടൂർ സാർ മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്, മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് ഞങ്ങൾക്ക് അഭിപ്രായമില്ല. സാർ മോഹൻലാൽ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട് ഏയ് ഓട്ടോ, ടി.പി ബാലഗോപാലൻ എം.എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ട് അടൂർ സാറിന് ലാലേട്ടൻ ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും പക്ഷെ ഞങ്ങൾക്ക് തോന്നുന്നില്ല അടൂർ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ സാർ സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ മോഹൻലാൽ എന്നും വലിയ നടനാണ് വലിയ മനുഷ്യനാണ്. സാർ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത്’