കൊട്ടാരക്കര: ശരീരത്തിൽ തറച്ചിരിക്കുന്ന പെല്ലറ്റുകളുടെ വേദനയിലാണ് പിടി സെവൻ ആക്രമണസ്വഭാവം കാണിച്ചതെന്നും ആനയുടെ ചികിത്സയ്ക്കുവേണ്ട എല്ലാ സഹായവും ചെയ്യാൻ തയാറാണെന്നും കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എ. ധോണിയിൽ മയക്കുവെടിവച്ചു പിടിച്ച കാട്ടാന പിടി സെവനെ ഏറ്റവും വിദഗ്ധരായ ഡോക്ടർമാരെക്കൊണ്ട് പരിശോധിച്ച് ചികിത്സ ഉറപ്പാക്കണം. താന്‍ പ്രസിഡന്റായ ആന ഉടമ ഫെഡറേഷന്‍ ചികിത്സ ലഭ്യമാക്കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
പിടി സെവന്‍ കാട്ടാനയുടെ ശരീരത്തില്‍ നിന്നും 15 ഓളം പെല്ലെറ്റുകളാണ് കണ്ടെത്തിയത്. വനംവകുപ്പ് നടത്തിയ ശരീര പരിശോധനയിലാണ് പെല്ലെറ്റുകള്‍ കണ്ടെത്തിയത്. നാടന്‍ തോക്കുകളില്‍ നിന്നുള്ള വെടിയുണ്ടകളാണ് കണ്ടെത്തിയത്. ആന ഇണങ്ങാത്തതിനാല്‍ വിശദമായ പരിശോധന നടത്താനായിട്ടില്ല. ജനവാസ മേഖലയില്‍ ഇറങ്ങുന്ന ആനയെ തുരത്താന്‍ ആരെങ്കിലും വെടിവെച്ചതാകാമെന്നാണ് വനംവകുപ്പ് സംശയിക്കുന്നത്. ഏതാനും പെല്ലറ്റുകള്‍ വനംവകുപ്പ് അധികൃതര്‍ നീക്കം ചെയ്തു. പെല്ലറ്റുകള്‍ തറച്ചതിന്റെ വേദന കൊണ്ടാകാം ആന കൂടുതല്‍ അക്രമാസക്തനാകാന്‍ കാരണമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍.