KeralaNEWS

ഇന്ത്യയിൽ അധികാരം കൈയാളുന്നത് സ്വാതന്ത്ര്യ പോരാട്ടത്തിൻ്റെ ഭാഗമാകാൻ വിസമ്മതിച്ചവർ, ഗാന്ധി വധം എന്നത് ഗാന്ധിയുടെ മരണം എന്ന് തിരുത്താൻ ശ്രമം തുടങ്ങിയിരിക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേന്ദ്ര അധികാരത്തിൻ്റെ മറവിൽ സംഘപരിവാര്‍ ഭരണഘടനയെ വെല്ലുവിളിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ഇന്ത്യയിൽ അധികാരം കൈയാളുന്നത് ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടത്തിൻ്റെ ഭാഗമാകാൻ വിസമ്മതിച്ചവരുടെ പിന്മുറക്കാരാണ്.ഭരണഘടനയുടെ അടിവേര് അറുക്കുന്ന നടപടികൾ അവർ നടത്തുന്നു. പൗരത്വ നിയമം പോലുള്ളവ നടപ്പാക്കുന്നത് വഴി ഭരണഘടനാ മൂല്യങ്ങൾ അട്ടിമറിക്കപ്പെടുന്നു. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ അഭ്യന്തര ശത്രുക്കൾ ആയി സംഘ പരിവാര്‍ ചിത്രീകരിക്കുന്നു. മുത്തലാക്കിൻ്റെ പേരിൽ മുസ്ലിങ്ങളെ ജയിലിൽ അടയ്ക്കുന്ന സ്ഥിതി ഉണ്ടാക്കി. ബിജെപി നേതാക്കൾ നേരിട്ട് ന്യൂനപക്ഷങ്ങൾക്ക് എതിരെ കലാപ ആഹ്വാനം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കേരള നവോത്ഥാന സമിതി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ, മതേതര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതി വിവേചനം, മത വിദ്വേഷം എന്നിവയുടെ ചങ്ങല കെട്ടുകൾ പൊട്ടിക്കാൻ ഭരണഘടനാ എന്ന ആയുധത്തിന് ശേഷിയുണ്ട്. രാജ്യത്തെ പാഠ പുസ്തകങ്ങളിൽ ഗാന്ധി വധം എന്നത് ഗാന്ധിയുടെ മരണം എന്ന് തിരുത്താൻ ശ്രമം തുടങ്ങിയിരിക്കുന്നു. അംബേദ്കർ ഭരണഘടനാ ശില്പി അല്ല എന്ന് വാദിക്കാൻ തുടങ്ങിയിരിക്കുന്നു.ഹിന്ദു എന്നതിന്‍റെ വിപരീത പദം മുസ്ലിം എന്ന് പഠിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഭരണഘടനാ തകർന്നാൽ രാഷ്ട്രത്തിൻ്റെ പരമാധികാരം വരെ തകരും. വ്യക്തി സ്വാതന്ത്ര്യവും തകരും.അതിലേക്ക് പോകാതെ സംരക്ഷിക്കണം.ഭരണഘടനയിൽ തൊട്ട് സത്യം ചെയ്ത് അധികാരം എൽക്കുന്നവർ വരെ അതിൻ്റെ മൂല്യങ്ങൾക്ക് എതിരെ അഭിപ്രായ പ്രകടനം നടത്തുന്നു. അതിലെ അപകടം വലുതാണ്.ലെജിസ്ലേ്ചർ എക്സിക്യുട്ടീവ്, ജുഡീഷ്യറി എന്നിവ പരസ്പരം മറികടക്കാതിരിക്കൻ ഉള്ള ചെക്ക് & ബാലൻസ് സംവിധാനം ഇവിടെയുണ്ട്.ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കും എന്ന് ആർഎസ്എസ് പ്രഖ്യാപിച്ചതാണ്.അത് ഭരണഘടനയ്ക്ക് എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും ഉയർന്ന ഭരണഘടനാ സ്ഥാനത്ത് ഇരിക്കുന്നവർ തന്നെ ഭരണഘടനയെ അട്ടിമറിക്കുന്ന പ്രസ്താവനകൾ നടത്തുന്നു.ഭരണഘടനയുടെ അടിസ്ഥാന ഘടന ഇല്ലാതായാൽ എന്ത് സംഭവിക്കും എന്നതിന് ജർമനി ഉദാഹരണമാണ് .ഹിറ്റ്ലറുടെ കാലത്ത് ഭരണഘടനാപരമായ ചട്ടങ്ങൾ മറികടന്ന് നിയമം പാസാക്കാൻ ഹിറ്റ്ലര്‍ക്ക് അധികാരം കൈവന്നു.വസ്ത്രം, ഭാഷ, ഭക്ഷണം, എന്നിവയുടെ പേരിൽ മനുഷ്യർ ആക്രമിക്കപ്പെടുന്നു. ന്യൂനപക്ഷങ്ങൾ വിധേയ പെട്ട് ജീവിക്കേണ്ടവർ ആണ് എന്ന പ്രസ്താവന ഭരണഘടനാ മൂല്യങ്ങളെ ഇല്ലാതാക്കുന്നത് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Back to top button
error: