തോപ്പിൽ ഭാസിയുടെ ‘എന്റെ നീലാകാശം’ റിലീസ് ചെയ്‌തിട്ട് 44 വർഷം
സിനിമ ഓർമ്മ
തോപ്പിൽ ഭാസി തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ‘എന്റെ നീലാകാശം’ റിലീസ് ചെയ്‌തിട്ട് 44 വർഷം. 1979 ജനുവരി 26 നായിരുന്നു ശോഭയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രത്തിന്റെ റിലീസ്. ജോർജ്ജ് ഓണക്കൂറിന്റെ കഥ.
പാരമ്പര്യമായി ഭ്രാന്ത് വരുന്ന കുടുംബം എന്ന കാരണം പറഞ്ഞ് കാമുകിയെ വിവാഹം കഴിക്കാൻ കഴിയാത്ത കാമുകൻ (കെപിഎസി പ്രേമചന്ദ്രൻ). ഒടുവിൽ അയാൾക്കും ഭ്രാന്ത് പിടിപെട്ടു (കൂട്ടിലടച്ചോരു പക്ഷി, ആരും കൂട്ടില്ലാത്തൊരു പക്ഷി). അയാളുടെ സഹോദരി (ശോഭ) ക്കുമുണ്ട് ഒരു പ്രണയം. ആ കാമുകൻ (സുകുമാരൻ) ഭ്രാന്തനെ മന്ത്രവാദത്തിന് വിട്ട് കൊടുക്കാതെ ആധുനിക ചികിത്സ കൊടുത്ത് രോഗം മാറ്റുന്നു. പാരമ്പര്യം പരാജയപ്പെട്ടു. മനസ് നീലാകാശം പോലെ.
കാലത്തെ അതിജീവിക്കും വിധം സുന്ദരങ്ങളായ ഗാനങ്ങൾ (ഒ.എൻ.വി- കെ. രാഘവൻ) ചിത്രത്തിലുണ്ടായിരുന്നു. ‘ചെമ്പകപ്പൂവിതൾ പോലാം അമ്പിളിക്കല തിരുമുടിയിൽ’, ‘അകലെയാകാശ പനിനീർ പൂന്തോപ്പിൽ’, ‘എന്റെ നീലാകാശം നിറയെ’ തുടങ്ങിയ ഗാനങ്ങൾ ഒരു കാലത്തിന്റെ സുവർണ്ണ മുദ്രകളാണ്.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ