സംവിധായകൻ- നടൻ എന്ന നിലയിലും നിർമ്മാണ പങ്കാളികൾ എന്ന നിലയിലും ഒട്ടേറെ ഹിറ്റുകൾക്ക് ചുക്കാൻ പിടിച്ച കൂട്ടുകെട്ടാണ് മാർട്ടിൻ പ്രക്കാട്ട് ജോജു ജോർജ്. നായാട്ട് ആയിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം. മാർട്ടിൻ പ്രക്കാട്ടിൻറെ സംവിധാനത്തിൽ ജോജു ജോർജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു അത്. ഇരുവരുടെയും പുതിയ കൂട്ടുകെട്ട് സംഭവിക്കുന്ന ഇരട്ട എന്ന ചിത്രത്തിൽ ജോജു നടനും മാർട്ടിൻ പ്രക്കാട്ട് സഹനിർമ്മാതാവുമാണ്. നവാഗതനായ രോഹിത് എം ജി കൃഷ്ണൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഒന്നാണ്. ഏതാനും ദിവസം മുൻപ് പുറത്തെത്തിയ ചിത്രത്തിൻറെ ട്രെയ്ലർ പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയാണ്.
ജോജു ജോർജ്ജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രമാണ് ഇരട്ട. തികച്ചും വ്യത്യസ്തരായ രണ്ടു ഇരട്ട സഹോദരന്മാരാണ് ജോജുവിൻറെ കഥാപാത്രങ്ങൾ. ഇരുവർക്കും ഇടയിലുള്ള പകയുടെ കഥ കൂടിയാണ് ചിത്രം പറയുന്നത്. തെന്നിന്ത്യൻ താരം അഞ്ജലി നായികയായി എത്തുന്ന ചിത്രത്തിൽ ശ്രിന്ദ, ശ്രീകാന്ത്, ശരത് സഭ, കിച്ചു ടെല്ലസ്, ആര്യ സലിം, സാബുമോൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.
2010 ൽ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ബെസ്റ്റ് ആക്ടർ എന്ന സിനിമയിലൂടെയാണ് മാർട്ടിൻ പ്രക്കാട്ട് സിനിമാ രംഗത്തേക്ക് എത്തുന്നത്. ചിത്രത്തിൽ ജോജുവും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. അതിനു ശേഷം 2015 ൽ ജോജു ജോർജിന് ഒപ്പം നിർമ്മാണ പങ്കാളിയായി മാർട്ടിൽ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമായിരുന്നു ചാർലി. 2017ൽ ജോജുവും മാർട്ടിൻ പ്രക്കാട്ടും ചേർന്ന് നിർമ്മിച്ച ചിത്രമായിരുന്നു മഞ്ജു വാര്യർ നായികയായ ഉദാഹണം സുജാത.