കൊച്ചി: കെഎംആർഎൽ ഫീഡർ ബസ് സർവ്വീസുകൾക്ക് പുറമേ കൊച്ചിയിലെ പ്രധാന സ്ഥലങ്ങളിൽ നിന്ന് മെട്രോ സ്റ്റേഷനുകളിലേക്കുള്ള യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആർടിസി- മെട്രോ ഫീഡർ സർവ്വീസിന് തുടക്കമിട്ടിരിക്കുന്നത്. എംജി റോഡ് മെട്രോ സ്റ്റേഷൻ, മഹാരാജാസ് മെട്രോ സ്റ്റേഷൻ, ടൌൺ ഹാൾ സ്റ്റേഷൻ, കലൂർ മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കാണ് ഫീഡർ ബസ് സൌകര്യം ലഭിക്കുക. നേവൽ ബേസ്, ഷിപ്പ് യാർഡ്, മേനക ഹൈക്കോർട്ട്, ബോട്ട് ജെട്ടി, കലൂർ എന്നീ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് സർവ്വീസ്. തോപ്പുംപടി ഭാഗത്തേക്കും ബാനർജി റോഡ് ഭാഗത്തേക്കും രാവിലെ 6.30 മുതൽ വൈകിട്ട് 7 മണിവരെ 15 മിനിറ്റ് ഇടവിട്ടാണ് സർവ്വീസ് നിശ്ചയിച്ചിരിക്കുന്നത്.
നിലവിൽ കൊച്ചി മെട്രോയുടെ ആറ് എസി ഫീഡർ ബസ്സുകളാണ് മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് സർവ്വീസ് നടത്തുന്നത്. ആലുവ സ്റ്റേഷനിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും അര മണിക്കൂർ ഇടവിട്ട് കെഎംആർഎൽ ഫീഡർ ബസ് സർവ്വീസുകൾ നടത്തുന്നുണ്ട്. പറവൂരിൽ നിന്ന് ഇടപ്പള്ളി മെട്രോ സ്റ്റേഷൻ വഴിയും, പെരുമ്പാവൂരിൽ നിന്ന് ആലുവ സ്റ്റേഷൻ വഴിയും അങ്കമാലിയിൽ നിന്ന് ആലുവ മെട്രോ സ്റ്റേഷൻ വഴിയും ഇൻഫോപാർക്കിലേക്ക് ഫീഡർ ബസ് സൌകര്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് കൊച്ചി മെട്രോ വെബ്സൈറ്റ് www.kochimetro.org സന്ദർശിക്കുക.