തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി 60 ശതമാനം പൂർത്തിയായെന്നും സെപ്റ്റംബർ-ഒക്ടോബർ മാസത്തോടെ ആദ്യ കപ്പൽ അടുക്കുമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ. തുറമുഖത്തേക്ക് കരിങ്കല്ല് എത്തിക്കുന്ന ലോറികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചു. കൂടുതൽ കല്ല് ലഭ്യതക്കായി പുതുതായി 7 ക്വാറികൾക്കുള്ള അപേക്ഷ നടപടികൾ പൂർത്തിയായി വരുകയാണെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം രാജ്യാന്തര തുറമുഖനിർമാണ അവലോകന യോഗ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
മറ്റു സംസ്ഥാനങ്ങളിൽനിന്നും കരിങ്കല്ല് എത്തിക്കുന്നുണ്ട്. സമരം മൂലം നഷ്ടപെട്ട പ്രവർത്തി ദിനങ്ങൾക്കു പകരം ഓവർടൈമിൽ ദ്രുത ഗതിയിൽ നിർമാണം പുരോഗമിക്കുകയാണ്. 60 ശതമാനത്തിലേറെ നിർമാണം പൂർത്തിയായതായി മന്ത്രി അറിയിച്ചു. സെപ്റ്റംബർ– ഒക്ടോബർ മാസത്തിനുള്ളിൽ ആദ്യകപ്പൽ എത്തിക്കും. പരീക്ഷണമെന്ന നിലയ്ക്കാണ് ആദ്യ കപ്പൽ എത്തിക്കുന്നത്. പൂർണതോതിലുള്ള തുറമുഖ പ്രവർത്തനം തുടർന്നുള്ള ഒരു വർഷത്തിനുള്ളിൽ സാധ്യമാക്കും. പുതിയ ലോഡ് ഓപ്പറേറ്റിങ് പോയിന്റ് നിർമാണം തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.
പവർ സ്റ്റേഷൻ ഉൾപ്പെടെ പദ്ധതി പ്രദേശത്തെ ഏതാനും സംരംഭങ്ങളുടെ ഉദ്ഘാടനം അടുത്ത മാസം മുതൽ നടക്കും. തുറമുഖത്തെ തൊഴിൽ അവസരങ്ങൾക്ക് പ്രദേശവാസികളെ സാങ്കേതികമായി പ്രാപ്തമാക്കുന്നതിന് അസാപ്പിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. തുറമുഖ സെക്രട്ടറി ബിജു, വിസിൽ എംഡി ഗോപാലകൃഷ്ണൻ, അദാനി പോർട്സ് സിഇഒ രാജേഷ് കുമാർ ഝാ, കോർപ്പറേറ്റ് അഫയേഴ്സ് മേധാവി സുശീൽ നായർ, സിഎസ്ആർ ദക്ഷിണേന്ത്യ മേധാവി ഡോ.അനിൽ ബാലകൃഷ്ണൻ എന്നിവർ മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.