തിരുവനന്തപുരം: കെപിസിസി ട്രഷററും കോൺഗ്രസ് നേതാവുമായ പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. കോൺഗ്രസ് പാർട്ടിയിലെ ചിലരുടെ മാനസിക പീഡനം മൂലമാണെന്ന തങ്ങളുടെ പരാതി വീണ്ടും പരിഗണിക്കണമെന്ന് മക്കളായ പ്രജിത്തും പ്രീതിയും മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പ്രതാപചന്ദ്രന്റെ മക്കൾക്ക് നൽകിയ വാഗ്ദാനത്തെ തുടർന്നാണ് ആദ്യപരാതി പിൻവലിച്ചത്. തുടർന്ന് സുധാകരൻ കൈമലർത്തി.
ചില കോൺഗ്രസ് നേതാക്കളുടേയും കെപിസിസിയിലെ സിയുസി സംഘത്തിന്റേയും മാനസിക പീഡനവും അഴിമതിക്കാരനാണെന്ന കുപ്രചാരണവുമാണ് പ്രതാപചന്ദ്രന്റെ അപ്രതീക്ഷിത വേർപാടിന് കാരണമെന്ന് ഡിജിപിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് വാർത്തയായതോടെ കുറ്റക്കാർക്കെതിരെ കർക്കശ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി സുധാകരൻ പരാതി പിൻവലിപ്പിക്കുകയുമായിരുന്നു. അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് സുധാകരൻ വാക്കു നൽകിയെങ്കിലും, അതു പാലിക്കാതെ വഞ്ചിച്ചതായി പരാതിയിൽ കുറ്റപ്പെടുത്തി. പ്രതാപചന്ദ്രന്റെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും നീതി ലഭ്യമാക്കണമെന്നുമാണ് പരാതി നൽകിയ മക്കളുടെ ആവശ്യം.
നിങ്ങളുടെ പരാതിയിൽ ഒരു കഴമ്പുമില്ലെന്നും ആർക്കെതിരേയും നടപടിയെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് സുധാകരന്റെ ഇപ്പോഴത്തെ നിലപാടെന്ന് പ്രതാപചന്ദ്രന്റെ മകൻ പ്രജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘‘ പ്രതാപചന്ദ്രന് പുനർജന്മം നൽകിയത് താനാണ്, നിങ്ങൾ ഇപ്പോൾ പരാതി നൽകിയാൽ ഞാനാകും ബുദ്ധിമുട്ടുക. പ്രതാപനോട് മോശമായി പെരുമാറിയ ഒരാളും പാർട്ടിയിലോ കെപിസിസി ഓഫീസിലോ ഉണ്ടാകില്ല. ’’ എന്നായിരുന്നു പരാതി പിൻവലിപ്പിക്കാനായി സുധാകരൻ നൽകിയ വാഗ്ദാനം. പരാതി പിൻവലിച്ചപ്പോൾ ചതിക്കുകയായിരുന്നു. അഛനെതിരെ വ്യാപകമായി അപഖ്യാതി പ്രചരിപ്പിച്ച കെപിസിസി ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറിയേയും സിയുസി സംഘാംഗങ്ങളേയും സംരക്ഷിക്കുകയാണ്. ‘നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് എന്താന്ന് വച്ചാൽ ചെയ്തോ, കാണട്ടേ’ എന്ന് വെല്ലുവിളിയാണ് ഒടുവിൽ സുധാകരൻ ഉയർത്തിയത്. അദ്ദേഹം പിആർഒ അജിത് വഴി വിളിപ്പിച്ചതിനെ തുടർന്നാണ് താൻ തിരുവനന്തപുരത്തെ വസതിയിൽ പോയി കണ്ടതെന്നും പ്രജിത്ത് പറയുന്നു.
സുധാകരനൊപ്പമുള്ള കെപിസിസി ജനറൽ സെക്രട്ടറി ജി എസ് ബാബു, സിയുസി അംഗങ്ങളായ രമേശൻ കാവിൽ, പ്രദീപ് തുടങ്ങിയവരാണ് പ്രതാപചന്ദ്രനെതിരായ അപവാദപ്രചാരണങ്ങൾക്ക് പിന്നിലെന്ന് നേരത്തേ തന്നെ ആക്ഷേപമുയർന്നിരുന്നു. സിയുസി യുടെ ധർത്ത് അടക്കം വഴിവിട്ട പ്രവർത്തനങ്ങളെ പ്രതാപചന്ദ്രൻ ചോദ്യം ചെയ്തിരുന്നതായ വിവരങ്ങളും മരണശേഷം പുറത്തുവന്നിരുന്നു. മുൻകെപിസിസി അധ്യക്ഷനും മന്ത്രിയുമായിരുന്ന വരദരാജൻനായരുടെ മകനായ പ്രതാപചന്ദ്രനെ ഡിസംബർ 20 ന് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണുകയായിരുന്നു.
പരാതിയിൽനിന്ന്:
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾക്ക്, 2022 ഡിസംബർ 20ന് മരണപ്പെട്ടു പോയ കെപിസിസി ട്രഷറർ വി.പ്രതാപചന്ദ്രന്റെ മക്കൾ സമർപ്പിക്കുന്ന ഹർജി.
സർ,
ഞങ്ങളുടെ സ്നേഹനിധിയായ പിതാവ് വി.പ്രതാപചന്ദ്രൻ 2022 ഡിസംബർ 20ന് രാവിലെ മരണപ്പെട്ടു പോയിരുന്നു. അച്ഛന്റെ മരണത്തിൽ ഞങ്ങൾക്ക് വലിയ ദുരൂഹത അനുഭവപ്പെടുകയാണ്. കടുത്ത മാനസിക വ്യഥയിലായിരുന്നു അച്ഛൻ. പറഞ്ഞറിയിക്കാൻ പറ്റുന്നതിലുമപ്പുറമായിരുന്നു അച്ഛൻ അനുഭവിച്ച ഹൃദയ വേദന. അച്ഛന്റേത് സ്വാഭാവിക മരണമായിരുന്നില്ലായെന്നും, മാനസികമായി പീഡിപ്പിച്ച് പൊതുജന മധ്യത്തിൽ അപമാനിച്ച് അങ്ങനെയുണ്ടായതായ അഭിമാനക്ഷതം കാരണമാണ് അച്ഛനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടതെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ആയതിനാൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി എന്ന നിലയിൽ ഞങ്ങളുടെ പരാതിയിൽ പറയുന്ന വസ്തുതാപരമായ കാര്യങ്ങളെ സംബന്ധിച്ച് അന്വേഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു. അച്ഛന്റെ മരണശേഷം കിടന്നുറങ്ങാൻ പോലും പറ്റാത്ത വേദനയിലാണ് ഞങ്ങൾ കഴിയുന്നത്. ഞങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രവർത്തകരല്ല. ഈ പരാതി ഒരു കുടുംബത്തിന്റെ നീതിക്കു വേണ്ടിയുള്ള അപേക്ഷയാണ്. പരാതിക്ക് ആധാരമായ കാര്യങ്ങൾ സഹിതം ഞങ്ങൾ 2022 ഡിസംബർ 29ന് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. എന്നാൽ കെപിസിസി പ്രസിഡന്റ് ശ്രീ. കെ.സുധാകരന്റെ അഭ്യർഥന മാനിച്ച് ഞങ്ങൾ പരാതി പിൻവലിക്കുകയായിരുന്നു. ഞങ്ങളുടെ പരാതി അന്വേഷിച്ച് അടിയന്തരമായ നടപടികൾ സ്വീകരിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പരാതി പിൻവലിച്ചത്. എന്നാൽ അത്തരം നടപടികൾ ബോധ്യപ്പെടാത്തതു കാരണം ഞങ്ങൾ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ അടുക്കൽ നീതിക്കു വേണ്ടി സമീപിക്കുകയാണ്. പരാതിയുടെ ഉള്ളടക്കം സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലുണ്ട്. ആയതിന്റെ പകർപ്പ് ഈ പരാതിയോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു