ദില്ലി: വിവിധ തരത്തിലുള്ള ഡെബിറ്റ് കാർഡുകളുടെ സേവന നിരക്കുകൾ വർധിപ്പിച്ച് കാനറ ബാങ്ക്. പുതുക്കിയ നിരക്കുകൾ 2023 ഫെബ്രുവരി 13 മുതൽ പ്രാബല്യത്തിൽ വരും.വാർഷിക ഫീസ് നിരക്കുകൾ, ഡെബിറ്റ് കാർഡ് റീപ്ലേസ്‌മെന്റ് ചാർജുകൾ എന്നിവയും പരിഷ്കരിച്ചിട്ടുണ്ട്.
- ചെക്ക് റിട്ടേൺ
പുതുക്കിയ നിരക്കുകൾ പ്രകാരം 1000 രൂപയിൽ താഴെയുള്ള ചെക്ക് തുകയ്ക്ക് 200 രൂപയും 1000 രൂപ മുതൽ 10 ലക്ഷം രൂപയിൽ താഴെയുള്ള തുകയ്ക്ക് 300 രൂപയുമാണ് നിരക്ക്. പത്ത് ലക്ഷം മുതൽ 50 ലക്ഷം വരെയുള്ളതിന് 500 രൂപയാണ് നിരക്ക്. 50 ലക്ഷം മുതൽ ഒരു കോടി വരെയുള്ള ചെക്കുകൾക്ക് 1000 രൂപയും ഒരു കോടിക്ക് മുകളിൽ ഉള്ളതിന് 2000 രൂപയുമാണ് ചാർജ്.
- വാർഷിക ഫീസ്
പ്രതിവർഷം ഈടാക്കുന്ന വാർഷിക ഫീസ് ക്ലാസിക് കാർഡിന് 150 രൂപയിൽ നിന്ന് 200 രൂപയായും പ്ലാറ്റിനം, ബിസിനസ് കാർഡുകൾക്ക് യഥാക്രമം 250 രൂപയിൽ നിന്ന് 500 രൂപയായും 300 രൂപയായും 500 രൂപയായും വർധിപ്പിച്ചു.
- ഡെബിറ്റ് കാർഡ് റീപ്ലേസ്‌മെന്റ്
ഡെബിറ്റ് കാർഡ് റീപ്ലേസ്‌മെന്റിന് ഇപ്പോൾ 150 രൂപയാണ് ഈടാക്കുന്നത്, മുമ്പ് ക്ലാസിക് കാർഡ് ഉപഭോക്താക്കൾക്ക് ഇതിന് നിരക്കുകളൊന്നും ഉണ്ടായിരുന്നില്ല. പ്ലാറ്റിനം, ബിസിനസ്, തിരഞ്ഞെടുത്ത ഡെബിറ്റ് കാർഡ് ഉടമകൾക്ക് 50 രൂപയിൽ നിന്ന് 150 രൂപയായി വർധിപ്പിച്ചു.
- ഡെബിറ്റ് കാർഡ് നിഷ്‌ക്രിയ ഫീസ്
ബിസിനസ് ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് 300 രൂപ പ്രതിവർഷം ഡെബിറ്റ് കാർഡ് നിഷ്‌ക്രിയത്വ ഫീസ് ബാങ്ക് ഈടാക്കും.
കാനറ ബാങ്ക് വെബ്‌സൈറ്റ് പ്രകാരം, “മുകളിൽ സൂചിപ്പിച്ച സേവന നിരക്കുകൾ നികുതികൾ ഒഴികെയുള്ളതാണ്. ബാധകമായ നികുതികൾ അധികമായി ഈടാക്കും. പുതുക്കിയ സേവന നിരക്കുകൾ 13.02.2023 മുതൽ പ്രാബല്യത്തിൽ വരും.