KeralaNEWS

ആര്യങ്കാവിലെ പാൽ പരിശോധന: വകുപ്പുകൾ പരസ്പരം പഴി ചാരുന്നു, വെട്ടിലായി സർക്കാർ

കൊല്ലം: ആര്യങ്കാവിലെ പാൽ പരിശോധനയിൽ വകുപ്പുകൾ പരസ്പരം പഴി ചാരുമ്പോൾ സർക്കാർ കടുത്ത വെട്ടിലായി. ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ പരിശോധന വൈകിയെന്ന മന്ത്രി ചിഞ്ചുറാണിയുടെ നിലപാട് ആരോഗ്യമന്ത്രി തള്ളി. അതേ സമയം ക്ഷീരവികസനവകുപ്പിൻ്റെ രണ്ടാം സാംപിൾ പരിശോധനാഫലത്തിൽ ആശയക്കുഴപ്പം തുടരുന്നു. ആര്യങ്കാവിൽ പിടിച്ച 15,300 ലിറ്റർ പാലിലെ ഹൈഡ്രജൻ പെറോക്സൈഡ് സാന്നിധ്യത്തിലാണ് അടിമുടി തർക്കം. ക്ഷീരവികസനവകുപ്പ് കൊട്ടിഘോഷിച്ചാണ് ബുധനാഴ്ച പാൽപിടികൂടിയത്. പ്രാഥമിക പരിശോധനയി ഹൈഡ്രജൻ പെറോക്സൈഡിൻറെ സാന്നിധ്യമുണ്ടെന്നായിരുന്നു വിശദീകരണം.

പക്ഷെ പിന്നീട് ഭക്ഷ്യസുരക്ഷാ വകുപ്പ് സാംപിളെടുത്ത് നടത്തിയപരിശോധനയിൽ ഫലം നെഗറ്റീവായി. ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന വൈകിയതാണ് കാരണമെന്നായിരുന്നു മന്ത്രി ചിഞ്ചുറാണിയുടെ കുറ്റപ്പെടുത്തൽ. ആരോപണം തള്ളുന്ന ആരോഗ്യമന്ത്രി ക്ഷീരവികസനവകുപ്പിനെ സംശയമുനയിൽ നിർത്തുന്ന തരത്തിലാണ് പ്രതികരിച്ചത്.

Signature-ad

എൻഎബിഎൽ അക്രഡിറ്റേഷൻ ഉള്ള ക്ഷീരവികസനവകുപ്പിൻറെ ലാബിലേക്ക് അയച്ച രണ്ടാം സാംപിൾ പരിശോധനഫലമെവിടെ എന്നാണ് ആരോഗ്യവകുപ്പിൻറെ ചോദ്യം. ഇതിൽ ക്ഷീരവികസനവകുപ്പ് കൃത്യമായ മറുപടി നൽകുന്നില്ല. ഭക്ഷ്യസുരക്ഷാ വകുപ്പിൻറെ പരിശോധനയിൽ മായം കണ്ടെത്താത്താതിനാൽ പാൽ വിതരണത്തിന് കൊണ്ടുപോയ സ്ഥാപനത്തിനെതിരെ നടപടിയെടുക്കാനാകാത്ത സ്ഥിതിയാണ്. വാഹനത്തിന് ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ല എന്ന പോരായ്മ മാത്രമാണ് നിലവിൽ കണ്ടെത്താനായത്.

നടപടി ഇതിലെ വീഴ്ചയിൽ മാത്രം ഒതുങ്ങുമ്പോൾ പാൽ വിതരണ കമ്പനി ക്ഷീരവികസന വകുപ്പിനെതിരെ മാനനഷ്ടക്കേസിനാണ് ഒരുങ്ങുന്നത്. വകുപ്പുകൾ തമ്മിലെ ഏകോപനക്കുറവും പരിശോധനാ സംവിധാനത്തിലെ പോരായ്മകളും തന്നെയാണ് ആര്യാങ്കാവിൽ ബാക്കിയാകുന്നത്. പിടിച്ചെടുത്ത വാഹനത്തിലെ പാൽ നശിപ്പിക്കാൻ ക്ഷീരവികസനവകുപ്പിന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

Back to top button
error: