നെടുങ്കണ്ടം : വാക്കുതര്‍ക്കത്തിനിടെ യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ മൂന്ന് പ്രതികളെ പിടികൂടി. ഉടുമ്പന്‍ചോലയിലാണ് സംഭവം. ഉത്സവത്തിനിടയില്‍ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച പ്രതികളില്‍ മൂന്ന് പേരെയാണ് ഉടുമ്പന്‍ചോല പൊലീസ് പിടികൂടിയത്. വട്ടപ്പാറ കാറ്റുതി അമ്പലത്തിലെ ഉത്സവത്തിനിടയില്‍ പ്രതികളിലൊരാളുടെ മകനും യുവാവും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതാണ് അക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
പ്രശ്നം എന്താണെന്ന് ചോദിക്കാനായി എത്തിയ എട്ടംഗ സംഘമാണ് പ്രദേശവാസിയായ മുരുകന്‍ (44)നെ വാക്കത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുവാന്‍ ശ്രമിച്ചത്. കേസില്‍ ചെമ്മണ്ണാര്‍ പാറപ്പെട്ടി വീട്ടീല്‍ അരുണ്‍ (22), ചെമ്മണ്ണാര്‍ അബിന്‍ (21) വട്ടപ്പാറ നരിക്കുന്നേല്‍ വീട്ടില്‍ വിഷ്ണു (27) എന്നിവരെയാണ് ഉടുമ്പന്‍ചോല പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതി അടക്കം അഞ്ചോളം പ്രതികള്‍ തമിഴ്‌നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലേക്കും കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായി ഉടുമ്പന്‍ചോല എസ്എച്ച്ഒ പറഞ്ഞു.
ഉടുമ്പഞ്ചോല പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ അബ്ദുല്‍ഖനി എസ്‌ഐ മാരായ ഷാജി എബ്രഹാം, ഷിബു മോഹന്‍, എഎസ്‌ഐ വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഒളിവിലായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മൂന്ന് പേരെയും ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇരു കൈകള്‍ക്കും മാരകമായി പരിക്കേറ്റതിനെ തുടര്‍ന്ന് മധുര മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് മുരുകന്‍.