CrimeNEWS

ഒറ്റപ്പാലത്ത് വീട്ടുമുറ്റത്തുനിന്നും അരിമില്ലില്‍നിന്നും ഗ്യാസ് സിലിണ്ടര്‍ മോഷണം; മൂന്നു പേര്‍ പിടിയിലായി

പാലക്കാട്: ഒറ്റപ്പാലം വേങ്ങശ്ശേരിയില്‍ വീട്ടുമുറ്റത്തു നിന്നും അരിമില്ലില്‍ നിന്നുമായി പാചകവാതക സിലിണ്ടറുകളും വൈദ്യുത ഉപകരണങ്ങളും മോഷ്ടിച്ച കേസില്‍ 3 പേര്‍ പിടിയിലായി. അമ്പലപ്പാറ കണ്ണമംഗലം സൂര്യയില്‍ ഷണ്‍മുഖം(44), കടമ്പഴിപ്പുറം പാറശ്ശേരി പുത്തിരിക്കാട്ടില്‍ രാമദാസ്(46), കോങ്ങാട് കുണ്ടുവന്‍പാടം പുത്തന്‍കളം മുരളിദാസ്(39) എന്നിവരെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടുടമ വേങ്ങശ്ശേരി ആലമ്പാറ അബ്ദുല്‍ റസാഖിന്റെ പരാതിയിലാണു നടപടി.

6 പാചകവാതക സിലിണ്ടറുകള്‍, നിലം വൃത്തിയാക്കുന്ന യന്ത്രം, വെല്‍ഡിങ് ഉപകരണങ്ങള്‍, പുല്ലു വെട്ടുന്ന യന്ത്രം, 30 സ്പാന്‍ഡറുകള്‍ എന്നിവയാണു മോഷ്ടിക്കപ്പെട്ടത്. കഴിഞ്ഞ 14 ന് അര്‍ധരാത്രി രണ്ടോടെയായിരുന്നു മോഷണം.സമീപവാസികളുടേത് ഉള്‍പ്പെടെ 6 സിലിണ്ടറുകളും അബ്ദുല്‍ റസാഖിന്റെ വീടിനു മുന്നിലായിരുന്നു. വീടുകളിലേക്കു വാഹന സൗകര്യം പരിമിതമായ ചിലര്‍ക്കുള്ള സിലിണ്ടറുകള്‍ ഇവിടെയാണ് ഇറക്കാറുള്ളതെന്നു പൊലീസ് പറഞ്ഞു. സമീപത്തെ അരി മില്ലിനോടു ചേര്‍ന്നായിരുന്നു യന്ത്രങ്ങളും സ്പാന്‍ഡറുകളും.

ഇവ വാഹനത്തില്‍ കയറ്റി കൊണ്ടുപോകുന്നതു റസാഖ് കണ്ടെങ്കിലും മോഷണം ചെറുക്കാനായില്ല. ഒറ്റപ്പാലം നഗരത്തില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. ഉപകരണങ്ങളും ഇവ കടത്താന്‍ ഉപയോഗിച്ച പിക്കപ് ഓട്ടോറിക്ഷയും ചുനങ്ങാട്ടു നിന്നാണു കണ്ടെത്തിയത്.

Back to top button
error: